അബുദാബി> അബുദാബി ചേംബർ ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്റൂയിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യാപാര വാണിജ്യ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി ചേംബർ പ്രതിനിധികളെ സംസ്ഥാനം സന്ദർശിക്കാൻ ക്ഷണിച്ചു.
യുഎഇയും ഇന്ത്യയും, പ്രത്യേകിച്ച് കേരള സംസ്ഥാനവുമായുള്ള ചരിത്രപരമായ ബന്ധം അസാധാരണമാംവിധം ശക്തമാണ്. അബുദാബിയും കേരളവും തമ്മിൽ ശക്തമായ പങ്കാളിത്തത്തിന് വലിയ സാധ്യതകളുണ്ട്. അബുദാബി ചേംബറിന്റെ ഉന്നതതല സംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇമാറാത്തികൾക്ക് എപ്പോഴും അവരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള കേരളത്തിലെ ജനങ്ങളെ കുറിച്ചും ചേംബർ ചെയർമാൻ പരാമർശിച്ചു.
യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (യുഎഇ ചേമ്പേഴ്സ്) ഫെഡറേഷന്റെ ചെയർമാൻ കൂടിയാണ് അബ്ദുല്ല മുഹമ്മദ് അൽ മസ്റൂയി.