കോഴിക്കോട് > മുസ്ലിംലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിൻവാങ്ങി. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് പിന്മാറ്റം. ലീഗിന് കനത്ത തിരിച്ചടിയാണ് സമസ്തയുടെ തീരുമാനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗമാണ് ലീഗ് കൂട്ടായ്മ വിടാൻ തിരുമാനിച്ചത്. സമുദായ പ്രശ്നങ്ങൾ ലീഗ് അല്ല കൈകാര്യം ചെയ്യേണ്ടതെന്ന വ്യക്തമായ സൂചനയാണ് സമസ്ത നിർണായക തീരുമാനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കാമെന്നാണ് മുശാവറയുടെ തീരുമാനം.
വിയോജിപ്പിന് പിന്നിൽ പള്ളി സമരവും ജമാഅത്തെ ബന്ധവും
വഖഫ് ബോർഡ് വിഷയത്തിൽ പള്ളിസമരത്തിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെയാണ് സമസ്ത മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഉപേക്ഷിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലീഗ് നേതൃത്വത്തിലുള്ള സമുദായ കൂട്ടായ്മ അപ്രസക്തമാക്കുന്നതാണ് സമസ്തയുടെ നിലപാട്. ഇത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുമുണ്ട്. സമുദായത്തിനകത്തും ചർച്ചയും ചലനവും സൃഷ്ടിക്കുന്നതാണ് സമസ്തയുടെ നിലപാട് പ്രഖ്യാപനം.
രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗ് മുൻകൈയിൽ രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയെന്ന സ്ഥിരം സംവിധാനം വേണ്ടെന്നാണ് മുശാവറ വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തിര സന്ദർഭങ്ങളിൽ പ്രശ്നങ്ങൾ അടിസ്ഥാനമാക്കി പാണക്കാട് തങ്ങൾക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം. ഇതുമായി സഹകരിക്കും. ഈ യോഗത്തിൽ ആര് പങ്കെടുക്കണമെന്ന് നേതൃത്വം തീരുമാനിക്കും. കേന്ദ്രമുശാവറ തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന സമസ്ത ഏകോപന സമിതിയും അംഗീകരിച്ചു.
മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെയടക്കം ഉൾപ്പെടുത്തിയുള്ള ലീഗിന്റെ സമുദായ കൂട്ടായ്മയോട് തുടക്കത്തിലേ സമസ്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുജാഹിദ് താൽപര്യങ്ങൾക്കാണ് ലീഗ് പ്രാമുഖ്യം നൽകുന്നതെന്ന അഭിപ്രായവുമുണ്ടായി. ജമാഅത്തെ സമ്മർദ്ദത്തിന് പൂർണമായി വഴങ്ങിയായിരുന്നു വഖഫ് വിഷയത്തിൽ ലീഗ് സമരത്തിനിറങ്ങിയത്.
സമസ്തയെ തള്ളി സമരവുമായി മുന്നോട്ടുപോവുകയുമുണ്ടായി. ഇതാണ് നിലപാട് കടുപ്പിക്കാനും കോർഡിനേഷനിൽ നിന്ന് പിന്മാറാനും സമസ്തയെ പ്രേരിപ്പിച്ചത്. അതേസമയം ലീഗിൽ ഒരുവിഭാഗമാകട്ടെ സമസ്തയിൽ ഭിന്നിപ്പിനും പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ നിരന്തരം അധിക്ഷേപിക്കാനും രംഗത്തിറങ്ങി. ബഹാവുദ്ദീൻ നദ്വിയടക്കം ചിലരെ മറയാക്കി സ്വാധീനമുണ്ടാക്കാനും ശ്രമമുണ്ടായി. ഇതിലെല്ലാമുള്ള അമർഷവും ലീഗിനെ തള്ളാനുള്ള സമസ്ത തീരുമാനത്തിന് പന്നിലുണ്ടെന്നാണ് വിലയിരുത്തൽ.