ഫോൾഡബിൾ സ്മാർട്ഫോൺ നിർമാണ രംഗത്ത് ഏറെ മുന്നേറിയ ബ്രാൻഡാണ് ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്. ഗാലക്സി ഫോൾഡ് ഫോണുകൾ ഇതിനകം വിപണിയിൽ സ്വീകാര്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് മടക്കുള്ള ഫോൾഡബിൾ ഫോണിനായുള്ള പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി.
പേറ്റന്റ് നേടിയ പുതിയ ഫോണിന് രണ്ട് വശങ്ങളിലേക്കായി തുറക്കാനാവും വിധമുള്ള ഫോൾഡബിൾ സ്ക്രീനായിരിക്കും ഉണ്ടാവുക എന്നാണ് വിവരം. രണ്ട് ഹിഞ്ചുകളും മൂന്ന് ഭാഗങ്ങളുമായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് ലെറ്റ്സ് ഗോ ഡിജിറ്റൽ നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം ഉള്ളിലേക്ക് മടക്കുമ്പോൾ മറുവശം പുറത്തോട്ട് മടക്കും വിധത്തിലായിരിക്കും. ഇങ്ങനെ Z ആകൃതിയിലുള്ള മടക്കുകളായിരിക്കും ഫോണിനുണ്ടാവുക.
ഡ്യുവൽ ഫോൾഡബിൾ ഫോണിൽ എസ് പെൻ പിന്തുണയുണ്ടാവും. ഇതിന് എച്ച്ഡിഎംഐ പോർട്ട് ഉണ്ടാവുമെന്നും പേറ്റന്റ് രേഖകൾ വ്യക്തമാക്കുന്നു. ഈ ഫോൺ എന്ന് പുറത്തിറക്കുമെന്ന് ഇപ്പോൾ പറയാനാവില്ല.
ഡ്യുവൽ ഫോൾഡ് ഫോണുകളുടെ വിവിധ ഡിസൈനുകൾക്ക് കമ്പനി ഇതിന് മുമ്പ് പേറ്റന്റ് നൽകിയിട്ടുണ്ട്.
അതേസമയം ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ പുതിയ ഫോൾഡ് 4 സ്മാർട്ഫോൺ പുറത്തിറക്കാനാണ് സാംസങ് പദ്ധതിയിടുന്നത്. മെച്ചപ്പെട്ട അണ്ടർ ഡിസ്പ്ലേ ക്യാമറകളോടുകൂടിയാവും ഇത് എത്തുക. നിലവിലുള്ള ഫോൾഡബിൾ ഫോണിലേക്കാൾ മെച്ചപ്പെട്ട ക്യാമറയാണ് ഗാലക്സി സെഡ് ഫോൾഡ് 4 ന് കമ്പനി വാഗ്ദാനം ചെയ്‌യുന്നത്. ഈ ഫോണിന് ഭാരം കുറഞ്ഞ ഹിഞ്ച് ആയിരിക്കും ഉപയോഗിക്കുക. ഫോണിന്റെ വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസും മെച്ചപ്പെടുത്തിയിട്ടുണ്ട്.