ഒട്ടാവ > കാനഡയില് വാക്സിന് നിര്ബന്ധമാക്കിയതിനെതിരെ പാര്ലമെന്റിന് മുന്നില് നടക്കുന്ന പ്രക്ഷോഭം ശക്തമാകുന്നതിനെ തുടര്ന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയില് നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് വിദേശ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
കാനഡയില് 90 ശതമാനം പേരും കോവിഡ് വാക്സിനെടുത്തു. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും ക്യാനഡയ്ക്കുമിടയില് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്മാര് നിര്ബന്ധമായും വാക്സിന് എടുക്കണമെന്ന കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഉത്തരവിനെതിരെയാണ് ‘ഫ്രീഡം കോണ്വോയ്’ എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം. ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്മാരാണ് പ്രക്ഷോഭത്തിന്റെ ഭാഗമായിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്നിന്നെത്തിയ ട്രക്കുകള് ജനുവരി 23ന് വാന്കൂവറില്നിന്ന് പുറപ്പെട്ട പ്രതിഷേധയാത്ര ഇപ്പോള് ഒട്ടാവയിലെത്തി. പതിനായിരത്തോളം പ്രക്ഷോഭകര് ഇന്ന് തലസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാൽ പ്രക്ഷോഭകാരികളുടെ എണ്ണം അതിലും കൂടുതലായിരിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.