ഓരോ ദിവസവും ആയിരക്കണക്കിന് സാമ്പിളുകളാണ് കോവിഡ് പരിശോധനയ്‍ക്കായി ഓരോ ലാബുകളിലുമെത്തുന്നത്. ഇതെല്ലാം പരിശോധിച്ച് റിപ്പോർട്ടുകൾ തയ്‌യാറാക്കുന്നതും പ്രയാസകരമായ ജോലി തന്നെ. ഓരോ ദിവസവും നിരവധിയാളുകൾക്കും രോഗം ബാധിക്കാനും സാധ്യതയുണ്ട്. ആർടിപിസിആർ ടെസ്റ്റുകളും, ആന്റിജൻ ടെസ്റ്റുകളുമാണ് ഈ ലാബുകളിൽ കാര്യമായും നടക്കുന്നത്.
എന്നാൽ കോവിഡ് 19 രോഗനിർണയത്തിന് പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ സ്മാർട്ഫോണുകൾ ഉപയോഗിച്ച് തന്നെ രോഗ നിർണയം നടത്താൻ സാധിക്കുന്ന വിദ്യയാണിത്.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് എന്ന് ബിജിആർ.ഇൻ റിപ്പോർട്ട് ചെയ്‌യുന്നു. തുടക്കത്തിൽ ഇതിനായി 100 ഡോളർ ചിലവ് വരുമെങ്കിലും ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരിക്കൽ വാങ്ങിയാൽ പിന്നീടുള്ള പരിശോധനകൾ ഓരോന്നിനും 7 ഡോളർ വരെ മാത്രമേ ചിലവ് വരികയുള്ളൂ.
ഇതിന്റെ പ്രവർത്തനം എങ്ങനെ?
ചൂടുള്ള ഒരു പ്ലേറ്റ്, റിആക്റ്റീവ് സൊലൂഷൻ, സ്മാർട്ഫോൺ എന്നിങ്ങനെ ലളിതമായ ചില കാര്യങ്ങളാണ് ടെസ്റ്റിങ് കിറ്റ് തയ്‌യാറാക്കുന്നതിന് വേണ്ടത്. ബാക്‍ടികൗണ്ട് എന്ന പേരിലുള്ള ഒരു സൗജന്യ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്‌യണം. ഫോണിലെ ക്യാമറ പകർത്തുന്ന ഡാറ്റയിൽ നിന്ന് കോവിഡ് 19 നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് കണ്ടെത്തുക ഈ ആപ്ലിക്കേഷനാണ്.
ജാമാ നെറ്റ് വർക്ക് ഓപ്പണിൽ (JAMA Network Open) പ്രസിദ്ധീകരിച്ച അസസ്മെന്റ് ഓഫ് എ സ്മാർട്ഫോൺ-ബേസ്ഡ് ലൂപ്-മീഡിയേറ്റഡ് ഐസോതെർമൽ അസ്സേ ഫോർ ഡിറ്റക്ഷൻ ഓഫ് സാർസ്-കോവ്-2 ആന്റ് ഇൻഫ്ളുവൻസ വൈറസസ് എന്ന പഠനത്തിൽ ഉപഭോക്താവിന് സ്വന്തം ഉമിനീർ ടെസ്റ്റ് കിറ്റിൽ വെച്ച് കോവിഡ് സാന്നിധ്യം പരിശോധിക്കാമെന്ന് പറയുന്നു.
ഹോട്ട് പ്ലേറ്റിൽ വെച്ച ഉമിനീരിലേക്ക് റിയാക്‍ടീവ് സൊലൂഷൻ ചേർക്കുമ്പോൾ അതിന്റെ നിറം മാറും. ഇതിന് ശേഷമാണ് ആപ്പ് ഉപയോഗിച്ച് വൈറസിന്റെ സാന്നിധ്യം അളക്കുക. ലായനിയുടെ നിറം മാറുന്ന വേഗം കണക്കാക്കിയാണിത്.
സ്മാർട്-ലാമ്പ് (Smart-LAMP) എന്നാണ് ഈ വിദ്യയ്‍ക്ക് പേര് നൽകിയിരിക്കുന്നത്. കോവിഡിന്റെ അഞ്ച് പ്രധാന വേരിയന്റുകൾ തിരിച്ചറിയാൻ ഇതിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
പൊതുജന ഉപയോഗത്തിന് തയ്‌യാറല്ല
ഇത്തരം ഒരു വിദ്യ ഗവേഷകർ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ആയിട്ടില്ല. ലക്ഷണങ്ങൾ കാണിക്കുന്ന 20 കോവിഡ് രോഗികളിലും ലക്ഷണങ്ങളില്ലാത്ത 30 രോഗികളിലുമാണ് ഗവേഷകർ ഈ വിദ്യയുടെ പരീക്ഷണം നടത്തിയത്. സാംസങ് ഗാലക്സി എസ്9 സ്മാർട്ഫോണുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ഇനിയുമേറെ കടമ്പകളും പരീക്ഷണങ്ങളും കഴിഞ്ഞതിന് ശേഷം മാത്രമേ ഈ പരീക്ഷണത്തിന്റെ ആധികാരികത തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. മതിയായ അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷമേ ഇത് നമ്മൾക്കെല്ലാം ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. അതിന് ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരും.
Content Highlights: covid test using smartphone camera new technique discovered by researchers