സാന്റിയാഗോ > ചിലിയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ നേതാവ് ഗബ്രിയേല് ബോറിക്ക് മന്ത്രിസഭയിലേക്ക് മൂന്ന് കമ്യൂണിസ്റ്റ് വനിതകൾ കൂടി. മുൻ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാൽവഡോർ അലൻഡെയുടെ കൊച്ചുമകൾ മായ ഫെർണാഡസ് അലൻഡെയും മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മായ പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കും. 1973 ൽ അമേരിക്കയുടെ പിന്തുണയോടെ നടന്ന സൈനിക അട്ടിമറിയിൽ മുത്തച്ഛൻ കൊല്ലപ്പെട്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് രാജ്യത്തെ സായുധ സൈന്യത്തിന്റെ അധികാരസ്ഥാനത്ത് മായ എത്തുന്നത്.
ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ ജാനറ്റ് ഹാര ക്ഷേമ‐തൊഴിൽ വകുപ്പ് മന്ത്രിയായും ഫ്ലാവിയോ ആൻഡ്രെസ് സലാസർ ശാസ്ത്ര‐സാങ്കേതിക വകുപ്പ് മന്ത്രിയുമാകും. കാമില വലേജോ സർക്കാറിന്റെ ഔദ്യോഗിക വക്താവായും നിയമിതയായി. ചിലിയിലെ ജനങ്ങളുടെ അന്തസിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതികരിച്ചു. ബൊറിക്ക് മന്ത്രിസഭയിലെ 24 മന്ത്രിമാരിൽ 14 പേരും വനിതകളാണ്. ചിലിയുടെ ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭയിൽ ഭൂരിപക്ഷം വനിതകളാകുന്നത്.