ന്യൂഡൽഹി: ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. തിരഞ്ഞെടുപ്പടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും വാട്സാപ്പ് മെസേജിങ് ആപ്ലിക്കേഷൻ വ്യാപകമായി ദുരുപയോഗം ചെയ്‌യുന്നു. ലക്ഷക്കണക്കിന് വോട്ടർമാരിലേക്കാണ് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവർ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഐടി സെല്ലുകൾ ഇതിനകം തന്നെ ലക്ഷക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളും ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളും തയ്‌യാറാക്കിവെച്ചിട്ടുണ്ട്. ഇതുവഴി 12 കോടിയിലേറെ വോട്ടർമാരെയാണ് ഇവർ ലക്ഷ്യമിടുന്നത്.
ഉത്തർപ്രദേശിൽ 15.02 കോടി വോട്ടർമാരാണുള്ളത്. ഇതിൽ പത്ത് കോടി മുതൽ 12 കോടി വരെയാളുകൾക്കെങ്കിലും സ്വന്തമായി സ്മാർട്ഫോണും വാട്സാപ്പും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കായ് ഓഎസ് ഫീച്ചർ ഫോണുകളിലും വാട്സാപ്പ് ലഭ്യമാണ്.
വാട്സാപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സ് ഉപയോഗിച്ച് പ്രത്യേകം ഗ്രൂപ്പുകളും, ബ്രോഡ്കാസ്റ്റ് ലിസ്റ്റും ഉണ്ടാക്കാതെ തന്നെ ഒരുപാടാളുകളിലേക്ക് ഒന്നിച്ച സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഇത്തരം സേവനങ്ങൾ നൽകുന്ന വിദഗ്ദർ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.
ഒരു മെസേജിന് എട്ട് പൈസ മുതൽ പത്ത് പൈസ വരെ ചിലവിലാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രാഷ്ട്രീയ സന്ദേശങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് അയക്കുന്നത്. ഇത് പൂർണമായും നിയമവിരുദ്ധമാണെന്ന് ലഖ്നൗൽ നിന്നുള്ള സോഷ്യൽ മീഡിയ വിദഗ്ദൻ അനൂപ് മിശ്രയെ ഉദ്ധരിച്ച് ഐഎൻഎസ് റിപ്പോർട്ട് ചെയ്‌യുന്നു.
വിവിധ വാട്സാപ്പ് ബിസിനസ് അക്കൗണ്ടുകൾ ഇത്തരം രാഷ്ട്രീയ കാമ്പനിയനുകൾ വാഗ്ദാനം ചെയ്‌യുന്നുണ്ട്. എസ്എംഎസ്, വാട്സാപ്പ് മാർക്കറ്റിങ്, വോയ്സ് കോൾ തുടങ്ങിയവയിലുടെ ഉപഭോക്താക്കളിലേക്ക് പ്രചാരണ സന്ദേശങ്ങൾ എത്തിക്കുന്നതിനുള്ള സേവനങ്ങളാണ് ഇവർ വാഗ്ദാനം ചെയ്‌യുന്നത്.
പൊതുപരിപാടികൾക്കും ജാഥകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ള പശ്ചാത്തലത്തിലാണ് വാട്സാപ്പ് ഉൾപ്പടെയുള്ള ഓൺലൈൻ സംവിധാനങ്ങൾ വഴിയുള്ള പ്രചാരണം തകൃതിയായി നടക്കുന്നത്. പരമ്പരാഗത പ്രചാരണ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതിനാൽ വാട്സാപ്പിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. തിരഞ്ഞെടുപ്പിൽ അനധികൃതമായ രീതിയിൽ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് നിയമപരമായി കുറ്റകരമാണ്.
ഇന്ത്യയിൽ വാട്സാപ്പ് വഴി വ്യാപക വ്യാജപ്രചാരണങ്ങൾ നടക്കുന്നതിന്റെയും ഈ പ്രചാരണങ്ങളുടെ ഭാഗമായി പലയിടങ്ങളിലും കലാപങ്ങളും സംഘർഷങ്ങളും ഹർത്താലുകളും വരെ നടന്നതിന്റേയും പശ്ചാത്തലത്തിലാണ് വാട്സാപ്പ് സന്ദേശങ്ങൾ ഒന്നിച്ച് അയക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഒരു സന്ദേശം ഒരേ സമയം അഞ്ചിൽ കുടുതൽ കോൺടാക്റ്റുകളിലേക്ക് അയക്കാൻ വാട്സാപ്പ് അനുവദിക്കുന്നില്ല. ഈ നിയന്ത്രണം മറികടന്നാണ് മറ്റ് ബാഹ്യ സേവനങ്ങളുടെ പിന്തുണയിൽ വാട്സാപ്പ് വഴി വ്യാപകമായ ബൾക്ക് മേസേജിങ് നടക്കുന്നത്.
ബോട്ടുകൾ (Bots) ഓട്ടോമേറ്റഡ് സ്ക്രിപ്റ്റുകൾ, അൽഗൊരിതങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിദഗ്ദരുടെ സഹായത്തോടെ വാട്സാപ്പിന്റെ നിയന്ത്രണങ്ങൾ മറികടക്കുന്നത്. വോട്ടഭ്യർത്ഥനയെ കൂടാതെ എതിരാളികളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കും ഈ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌യാനിടയുണ്ട്.
പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരിയിലാണ് വോട്ടെടുപ്പ് ആരംഭിക്കുക. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും. സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ ക്രിമിനൽ കുറ്റമായി പരിഗണിക്കാമെന്ന് അടുത്തിടെ മദ്രാസ് ഹെക്കോടതി പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: political parties candidates misusing whatsapp for political campaign bulk messages