ആന്റിഗ്വ > അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിൽ. നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 37.1 ഓവറില്‍ 111 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ടു വിക്കറ്റ് നേടിയ വിക്കി ഒസ്ത്വാളും ചേർന്നാണ് ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ കൂടാരം കയറ്റിയത്. കൗശല്‍ താംബെ, രാജ്വര്ദ്ധന് ഹാംഗര്‍ഗേകര്‍, ആംഗ്രിഷ് രഘുവംശി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ ലക്ഷ്യം കണ്ടു. 65 പന്തില്‍ 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഷായിക് റഷീദ് 59 പന്തുകളിൽ 26 റണ്‍സെടുത്തു. ബംഗ്ലാദേശിന് വേണ്ടി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി.