ചുവന്നഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ വരണ്ടുണങ്ങിയ അനന്തമായ മരുപ്രദേശമാണിന്ന്. എന്നാൽ ചൊവ്വ മുമ്പ് അങ്ങനെയായിരുന്നില്ലെന്നും ഇതുവരെ കരുതിയിരുന്നതിനേക്കാൾ ഏറെ കാലം അവിടെ വെള്ളം ഒഴുകിയിരുന്നുവെന്നുമാണ് നാസയുടെ പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.
നൂറ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലേത് പോലെ ചൊവ്വയിലും നദികളും തടാകങ്ങളും ഉണ്ടായിരുന്നു. സൂക്ഷ്മ ജീവികൾ നിലനിൽക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ചൊവ്വയുടെ അന്തരീക്ഷം നേർത്തില്ലാതായതോടെ ഈ ജലം വറ്റി വരണ്ടില്ലാതാവുകയായിരുന്നു. ഇത് സംഭവിച്ചത് ഏകദേശം 300 കോടി വർഷങ്ങൾക്ക് മുമ്പായിരിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ മാർസ് റികൊനൈസൻസ് ഒർബിറ്ററിൽ നിന്ന് ശേഖരിച്ച കഴിഞ്ഞ 15 വർഷക്കാലത്തെ വിവരങ്ങൾ വിശകലനം ചെയ്ത എല്ലൻ ലീസ്ക്, ബെഥനി എൽമാൻ എന്നീ ഗവേഷകർ പറയുന്നത് കാലയളവിൽ ചില മാറ്റങ്ങളുണ്ടെന്നാണ്.
അതായത് 300 കോടി വർഷമല്ല 200-250 കോടി വർഷങ്ങൾക്ക് മുമ്പ് വരെ ചൊവ്വയിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് ഈ ഗവേഷണത്തിലെ കണ്ടെത്തൽ. മഞ്ഞുരുകിയ ജലം ആവിയായി പോയ സ്ഥലങ്ങളിലെ ക്ലോറൈഡ് സാൾട്ടിന്റെ സാന്നിധ്യം ഇവർ ഇതിനായി വിശകലനം ചെയ്തു. അടുത്ത കാലം വരെ ചൊവ്വയിലെ ചില താഴ്വാരങ്ങളിൽ വെള്ളം ഒഴുകിയിരുന്നതായി അനുമാനമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള വിവരങ്ങൾ ലഭ്യമല്ല. ഉപ്പിന്റെ നിക്ഷേപങ്ങളിലൂടെയാണ് ഇവിടെ ജലസാന്നിധ്യമുണ്ടെന്ന് തന്നെ സ്ഥിരീകരിച്ചത്.
എജിയു അഡ്വാൻസ് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വയിൽ സൂക്ഷ്മജീവികളുടെ ജീവൻ എത്രത്തോളം നിലനിൽക്കും എന്നതുൾപ്പെടെ രസകരമായ പുതിയ ചോദ്യങ്ങൾ അവർ ഉന്നയിക്കുന്നു.
Content Highlights: water flowed on mars longer than previously thought new research finds