മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരെയുള്ള പ്രചാരണങ്ങൾ കൂടുതൽ നടത്തിയത്. മറ്റൊരു പാർട്ടിയുമായി ചേർന്ന് പോകാൻ തനിക്ക് സാധിക്കില്ല. മറ്റൊരു പാർട്ടിയുടെ ചിന്താഗതിയുമായി ചേർന്ന് മുന്നോട്ട് പോകാനാകില്ല. അതിനാൽ തന്നെ മറ്റൊരു പാർട്ടിയിലേക്ക് പോകാൻ ആലോചനയില്ല. വേറെ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ പോകട്ടെ എന്നും രാജേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിൽ നിന്നും പുറത്താക്കിയതിനാൽ സിപിഐയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകുകായിരുന്നു അദ്ദേഹം. എം എം മണി തനിക്കെതിരെ പ്രസ്താവന നടത്തിയപ്പോൾ തന്നെ പാർട്ടി നടപടി പ്രതീക്ഷിച്ചിരുന്നു. പാർട്ടിക്ക് ആഗ്രഹമില്ലെങ്കിൽ പിന്നെ വേറെ ഒരു പാർട്ടിയിലേക്കുമില്ല. ഇനി രാഷ്ട്രീയ പ്രവർത്തനത്തിനുമില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
ഒരു വർഷത്തേക്കാണ് എസ് രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തത്. രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ദേവികുളത്തെ നിലവിലെ എംഎൽഎ എ രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നടക്കമുള്ള നിരവധി ആരോപണങ്ങങ്ങൾ രാജേന്ദ്രനെതിരെ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ സജീവമായില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തു. രാജേന്ദ്രനെ തൽക്കാലം പാർട്ടിയിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യം ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ചത്. അടിമാലി, മറയൂര്‍, മൂന്നാര്‍ ഏരിയാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.