ഹോങ്കോങ്: ബെയ്ജിങ് വിന്റർ ഒളിംപിക്സിന് മുന്നോടിയായി ഇന്റർനെറ്റിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്‌യാനുള്ള പദ്ധതിയുമായി ചൈന. ആരോഗ്യകരവും സന്തോഷകരവും സമാധാനപരവുമായ ഓൺലൈൻ പരിസ്ഥിതി സൃഷ്ടിക്കുന്നതിനുമായി ചൊവ്വാഴ്ചയാണ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന ഒരു മാസം നീണ്ടു നിൽക്കുന്ന ശുദ്ധീകരണ കാമ്പയിൻ പ്രഖ്യാപിച്ചത്.
2014 ലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയ്‍ക്ക് തുടക്കമിട്ടത്. ജനുവരി 31 മുതൽ ഫെബ്രുവരി ആറ് വരെ നടക്കുന്ന ലൂണാർ ന്യൂ ഇയർ ഫെസ്റ്റിവലിനോടനിനൊപ്പമാണ് ചൈന ഈ ഇന്റർനെറ്റ് ശുദ്ധീകരണ കാമ്പയിനും നടത്തുന്നത്.
ഫെബ്രുവരിയിലാണ് ഈ വർഷത്തെ വിന്റർ ഒളിംപിക്സ് ആരംഭിക്കാനിരിക്കുന്നതും. ഷി ജിൻപിങ് അധികാരമേറ്റ 2012 മുതൽ ചൈന സംഘടിപ്പിക്കുന്ന കായികമേളയാണിത്. ചൈനയുടെ ഐക്യശക്തി പ്രദർശിപ്പിക്കാനൊരവസരം എന്ന നിലയിൽ വിന്റർ ഒളിംപിക്സിന് ചൈന വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.
കാമ്പയിനിന്റെ ഭാഗമായി മാധ്യമ വെബ്സൈറ്റുകളുടെ ഹോം പേജുകൾ, ട്രെന്റിങ് ടോപ്പിക് സെർച്ച് ലിസ്റ്റുകൾ, പോപ്പ് അപ്പ് വിൻഡോകൾ, പ്രധാനപ്പെട്ട വാർത്താ പേജുകൾ എന്നിവയിൽ പോസിറ്റീവ് ഇൻഫർമേഷൻ ആണുള്ളത് എന്ന് ഉറപ്പിക്കും.
അശ്ലീലമായതും വൃത്തികെട്ടതും ചോര ചിന്തുന്നതും അക്രമാസക്തമായതുമായ ഉള്ളടക്കങ്ങളും മറ്റ് നിയമവിരുദ്ധമായ മോശം വിവരങ്ങളുമെല്ലാം ഇതിനായി ഓൺലൈനിൽ നിന്ന് നീക്കം ചെയ്‌യും. നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പേരിൽ നടപടി നേരിട്ട സെലിബ്രിറ്റികൾക്കും വിലക്കുണ്ടാവും. ഓൺലൈൻ അഭ്യൂഹങ്ങൾ തടയും.
പൊങ്ങച്ചവും ആരാധനയും കാണിക്കുന്ന ഉള്ളടക്കങ്ങൾ, അമിതമായ മദ്യപാനം, അമിത ഭക്ഷണം എന്നിവ കാണിക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയും ചൈന അനുവദിക്കില്ല.
Content Highlights: china announces purification of the internet ahead of the Beijing Winter Olympics