കൊച്ചി: എൻഐഎക്ക് കടുത്ത തിരിച്ചടി നൽകിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്.തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻ.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
പ്രതികൾക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അബ്ദുൾ ഹാലിം, അബുബക്കർ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെവെറുതെവിട്ടിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലും കോടതി തള്ളി.
കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമായിട്ടായിരുന്നു 2006 മാർച്ചിൽ ഇരട്ട സ്ഫോടനം നടന്നത്.
Content Highlights :The accused inKozhikode twin blasts case have been acquitted