റെനോ7 സീരീസ് ഫോണുകൾ അടുത്തമാസം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഓപ്പോ. ഫെബ്രുവരി നാലിനാണ് ഫോണുകൾ പുറത്തിറക്കുക. ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലാണ് ഓപ്പോ ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെനോ 6 പരമ്പര ഫോണുകളുടെ പിൻഗാമികളായിരിക്കും റെനോ 7 സീരീസ് ഫോണുകൾ.
റെനോ 7, റെനോ 7 പ്രോ എന്നീ ഫോണുകൾ ഈ പരമ്പരയിലുണ്ടാകുമെന്നാണ് ഓപ്പോ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലുമായി പങ്കുവെച്ച ടീസറുകൾ നിന്ന് ലഭിക്കുന്ന സൂചന. ഇത് കൂടാതെ റെനോ 7 എസ്ഇ ഫോണും ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.
| റെനോ 6 സീരീസ് ഫോണുകൾ ഓഫറിൽ വാങ്ങാം
റെനോ 7 സീരീസ് ഫോണുകൾ കഴിഞ്ഞ വർഷമാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ റെനോ 6 ൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത അടിസ്ഥാന പതിപ്പാണ് റെനോ 7. എന്നാൽ റെനോ 6 പ്രോയിൽ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് റെനോ 7 പ്രോ തയ്‌യാറാക്കിയിരിക്കുന്നത്. ഡിസൈൻ, ക്യാമറ ഹാർഡ് വെയർ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്.
| റെനോ 5 സീരീസ് ഫോണുകൾ ഓഫറിൽ വാങ്ങാം
ചൈനീസ് പതിപ്പിൽ ഉപയോഗിച്ച സ്നാപ്ഡ്രാഗൺ 778 ജി ചിപ്പ്, 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ, ഫ്ളാറ്റ് എഡ്ജുകളോടുകൂടിയ ബോഡി എന്നിവ തന്നെയായിരിക്കും ഇന്ത്യയിലും അവതരിപ്പിക്കുന്ന ഓപ്പോ റെനോ 7 ഫോണിലുണ്ടാവുക എന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ 28000 നും 31000 നും ഇടയിൽ വിലയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഷാവോമി 11ഐ ഹൈപ്പർചാർജ്, വിവോ വി23, സാംസങ് ഗാലക്സി എം52 5ജി, മോട്ടോറോള എഡ്ജ് 20 തുടങ്ങിയ ഫോണുകളോടാവും റെനോ 7 വിപണിയിൽ മത്സരിക്കുക.
അതേസമയം മീഡിയാടെക് ഡൈമെൻസിറ്റി 1200 മാക്സ് പ്രൊസസർ ചിപ്പിന്റെ പിൻബലത്തിലാകും റെനോ 7 പ്രോ ഫോൺ എത്തുക. 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയും ഉണ്ടാവും. സോണിയുടെ ക്യാമറ സെൻസറുകളായിരിക്കും ഫോണിന്. 4500 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ടാവും. റെനോ 7 പ്രോയ്‍ക്ക് 41000 രൂപയ്‍ക്കും 43000 രൂപയ്‍ക്കും ഇടയിൽ വിലയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: OPPO to launch reno 7 series smartphones next month date revealed