സ്വാതന്ത്ര്യം അമൂല്യമാണെന്നും ഒപ്പം ഉണ്ടായിരുന്നവരെ മനസിലാക്കാൻ സാധിച്ചെന്നും ശിവശങ്കർ കുറിപ്പിൽ പറയുന്നു. ‘ഇത്തവണയും പിറന്നാളിന് ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ജയിൽ മുറിയിലെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും എന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഇത്തവണ പിറന്നാൾ ദിനത്തിൽ സന്ദേശം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും തിരികെ ലഭിച്ചു.’
‘സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിച്ചു. അത് ചിലർ കവർന്നെടുത്തേക്കാം എന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരെ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത്.’ ശിവശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കർ അടുത്തയിടെയാണ് സർവീസിൽ തിരിച്ചെത്തിയത്. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാർശ സമർപ്പിക്കുകയായിരുന്നു. സസ്പെൻഷനിലായി ഒന്നര വർഷത്തിനു ശേഷമാണ് അദ്ദേഹം തിരിച്ചെത്തുന്നത്.
നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തിയ പ്രതികളുമായി ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടർന്നാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. കസ്റ്റംസും എൻഫോഴ്സ്മെന്റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയാണ്. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതി കേസിലും അദ്ദേഹത്തെ പ്രതി ചേർത്തു. ഇഡിയും കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 98 ദിവസമാണ് അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നത്. 2023ലാണ് അദ്ദേഹത്തിന്റെ സർവീസ് അവസാനിക്കുക.