ഒന്ന് തൊട്ടുനോക്കാൻ പോലും കഴിയാത്ത ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾ എങ്ങനെയാണ് അന്തരീക്ഷത്തിലേക്ക് ഇത്രയേറെ കാർബൺ വാതകങ്ങൾ പുറംതള്ളാൻ കാരണമാകുന്നത്?. ഈ അടുത്ത കാലം വരെ ലോകത്തുള്ള ബിറ്റ്കോയിൻ നെറ്റ്വർക്കിന്റെ 65 ശതമാനവും കൈകാര്യം ചെയ്ത ചൈന, സ്വന്തം നാട്ടിൽ ബിറ്റ്കോയിൻ മൈനിങ് നിർത്താൻ പറഞ്ഞതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ ആ ചോദ്യത്തിന് ഉത്തരം കിട്ടും. അതോടെയാണ് തൊട്ടടുത്തു കിടക്കുന്ന കസാഖിസ്താനിലേക്കും അമേരിക്കയിലേക്കുമൊക്കെ ചൈനയിൽ പടർന്നു പന്തലിച്ച മൈനിങ് വ്യവസായം ചേക്കേറിയത്. ചൈന ചെയ്തത് ആ ധനികരാജ്യവും ദരിദ്ര രാജ്യവും ചെയ്‌യാതിരുന്നിടത്താണ് ആ പുത്തൻ മലിനീകരണ പ്രതിസന്ധി കൂടുതൽ ഗൗരവതരമാകുന്നത്. അംഗരാജ്യങ്ങൾ യൂറോപ്യൻ യൂണിയനിലും, പ്രതിനിധികൾ യു.എസ് കോൺഗ്രസിലും ബിറ്റ്കോയിനുണ്ടാക്കുന്ന ഊർജ്ജ പ്രതിസന്ധിയും മലിനീകരണവും തടയണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്ന ഈ കാലത്ത് ബിറ്റ്കോയിന്റെ സാമ്പത്തിക വശത്തിനപ്പുറം ചർച്ച ചെയ്‌യേണ്ട വിഷയങ്ങൾ പലതാണ്.
വെറും പത്തുവർഷം കൊണ്ട് അറുപത്തയ്‌യായിരം ഇരട്ടി മൂല്യം ഉയർന്ന മറ്റൊരു നാണയവും ലോകത്തുണ്ടാകില്ല. 2011 ൽ വെറും ഒരു ഡോളർ വിലയുണ്ടായിരുന്ന ബിറ്റ്കോയിന് 2021 ൽ വില 65000 ഡോളറായി. സതോഷി നകാമോട്ടോ (Satoshi Nakamoto) എന്ന മുഖമില്ലാത്ത മനുഷ്യൻ (മനുഷ്യർ?) 2008 ൽ ലോകത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്ത ഈ ഇന്റർനെറ്റ് പണം വെറുതെ ഒരു ക്രേസിന് ഉണ്ടാക്കിക്കളിച്ച ടെക്കികളിൽ പലരും ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി. ബിറ്റ്കോയിൻ ട്രാൻസാക്ഷനുകളിൽ സഹായിക്കുന്നവർക്ക് പ്രതിഫലം ബിറ്റ്കോയിൻ തന്നെയാണ് എന്നത് ആ മേഖലയുടെ ഗ്ലാമർ കൂട്ടി. എല്ലാ അപകടങ്ങളുടേയും തുടക്കം ഈ ബംബർ താരമൂല്യമായിരുന്നു.
2009 ൽ ബിറ്റ്കോയിൻ പിച്ചവെച്ചു നടന്നു തുടങ്ങിയ കാലത്ത് ഒരു കോയിൻ സംഘടിപ്പിക്കാൻ വീട്ടിലെ ഒരു കമ്പ്യൂട്ടർ ധാരാളം മതിയായിരുന്നു. 12 വർഷത്തിനിപ്പുറം അതല്ല സ്ഥിതി. കഴിഞ്ഞ വർഷത്തെ ഏകദേശ കണക്കനുസരിച്ച് ഒറ്റ ബിറ്റ്കോയിൻ ട്രാൻസാക്ഷന് ശരാശരി 1719.51 കിലോവാട്ട് വൈദ്യുതി വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. ഡിജികണോമിസ്റ്റ് എന്ന ക്രിപ്റ്റോകറൻസി അനലറ്റിക്സ് സൈറ്റ് പറയുന്നത് ശരിയാണെങ്കിൽ അനുബന്ധ വൈദ്യുത ചെലവുകളെല്ലാം ചേർത്ത് 2,106.37 കിലോവാട്ട് വൈദ്യുതി വരെ ഒരു ബിറ്റ്കോയിൻ ട്രാൻസാക്ഷന് വേണ്ടിവരും. അതായത് ഒരു സാധാരണ അമേരിക്കൻ വീട്ടിൽ 72 ദിവസം ഉപയോഗിക്കുന്ന അത്രയും വൈദ്യുതി. അന്ന് വീട്ടിലെ കമ്പ്യൂട്ടറിന്റെ സ്ഥാനത്ത് ഇന്ന് വിശാല മൈതാനത്തേക്കാൾ വലിപ്പമുള്ള ബിറ്റ്കോയിൻ മൈനിങ് കേന്ദ്രങ്ങൾ പലതും ഒരേപോലെ പണിയെടുക്കണം. അതിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ സ്രോതസ്സാണ് വിഷയം.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് (Global cryptoasset benchmarking study 2020) 122.87 ടെറാവാട്ട് വൈദ്യുതിയാണ് ബിറ്റ്കോയിൻ വിനിമയങ്ങൾക്കായി ഒരു വർഷം വേണ്ടത്. അതായത് അർജന്റീനയും നെതർലാൻഡ്സും യു.എ.ഇയുമൊക്കെ ഒരു വർഷം ഉപയോഗിക്കുന്നതിലേറെ വൈദ്യുതി. അതുമല്ലെങ്കിൽ ഐടി ഭീമന്മാരായ ഗൂഗിളും ഫെയ്സ്ബുക്കും ആപ്പിളും മൈക്രോസോഫ്റ്റും ഒന്നിച്ചു ചേർന്ന് ഒരു വർഷം ഉപയോഗിക്കുന്നതിനേക്കാൾ വൈദ്യുതി. ബിറ്റ്കോയിൻ ഒരു രാജ്യമായിരുന്നെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന 39 ാമത്തെ രാജ്യം അതാകുമായിരുന്നു. കുറഞ്ഞ ചെലവിൽ കിട്ടുന്ന വൈദ്യുതി തേടി ബിറ്റ് കോയിൻ മൈനിങുകാർ ഓടിത്തുടങ്ങിയപ്പോൾ മുതലാണ് നമ്മുടെ ശ്വാസവായു കൂടുതൽ കരിപുരണ്ടു തുടങ്ങിയത്. ലോകത്തിന് അത്ര പെട്ടെന്നൊന്നും പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഈ ബിറ്റ്കോയിൻ മൈനിങ്ങുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ.
ബിറ്റ്കോയിൻ മൈനിങ്ങിനുപയോഗിക്കുന്ന വൈദ്യുതിയുടെ 39 ശതമാനം മാത്രമേ സോളാർ അടക്കമുള്ള പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് വരുന്നുള്ളൂവെന്നാണ് കേംബ്രിഡ്ജ് പഠനം പറയുന്നത്. ബഹുഭൂരിപക്ഷവും ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഊർജ്ജമാണ് ബിറ്റ്കോയിൻ മൈനിങ്ങിന് ഉപയോഗിക്കുന്നത്. വായു മലിനീകരണമുണ്ടാക്കുന്ന കൽക്കരി ഉപയോഗിച്ചുള്ള താപ വൈദ്യുത നിലയങ്ങളേയാണ് 38 ശതമാനവും. പ്രകൃതി വാതകം വേറെ. 2015 നും 2021 നും ഇടക്ക് ആറുവർഷം ബിറ്റ്കോയിൻ വിനിമയങ്ങൾക്ക് വേണ്ടിവന്ന വൈദ്യുതിയുടെ അളവിൽ 62 ഇരട്ടിയോളം വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ബിറ്റ്കോയിന്റെ ചരിത്രത്തിൽ സുപ്രധാന നേട്ടങ്ങളുണ്ടാക്കിയ കഴിഞ്ഞ വർഷം മാത്രം ഇതിന്റെ മുന്നിരട്ടി വൈദ്യുതി ഉപയോഗമുണ്ടായിട്ടുണ്ടാകുമെന്നാണ് കണക്ക്. പ്രതിസന്ധി തുടങ്ങുന്നത് അവിടെ നിന്നാണ്.
ചൈനയിൽ സംഭവിച്ചത്
2020 മെയ്മാസം വരെ വരെ ലോകത്താകെ നടക്കുന്ന ബിറ്റ്കോയിൻ ഇടപാടുകളുടെ ഏതാണ്ട് 44ശതമാനവും കൈകാര്യം ചെയ്തിരുന്നത് ചൈനയായിരുന്നു. ജലവൈദ്യുത നിലയങ്ങളിൽ നിന്നും കൽക്കരി നിലയങ്ങളിൽ നിന്നും കുറഞ്ഞ ചിലവിൽ വൈദ്യുതി കിട്ടുമെന്നതായിരുന്നു ചൈനയിലേക്ക് ബിറ്റ്കോയിൻ മൈനർമാരെ ആകർഷിച്ച പ്രധാന ഘടകം. രാജ്യത്തെ വൈദ്യുത ഉത്‌പാദനത്തിന്റെ 60 ശതമാനവും കൽക്കരി വൈദ്യുത നിലയങ്ങളിൽ നിന്നായിരുന്നു. ചൈനയിലെ യുനാൻ സിചുവാൻ പ്രവിശ്യകളിൽ നിരവധി ബിറ്റ്കോയിൻ മൈനിങ്ങ് ഫാക്‍ടറികൾ ഉയർന്നു വന്നു. ചൈനയിൽ ക്രിപ്റ്റോകറൻസി വ്യവസായം തഴച്ചു വളരുന്നത് രാജ്യത്ത് കടുത്ത ഊർജ്ജ ക്ഷാമമുണ്ടാക്കുമെന്നും അത് കൂടുതൽ കൽക്കരി കത്തിക്കേണ്ട അവസ്ഥിയിലേക്ക് എത്തിച്ചേരുമെന്നും മനസ്സിലാക്കിയതോടെയാണ് ബിറ്റ്കോയിന് എതിരെ സർക്കാർ നീക്കം തുടങ്ങിയത്. 2060 ഓടെ ഷി ജിൻപിങ് സർക്കാർ കാർബൻ ന്യൂട്രൽ ചൈന എന്ന ലക്ഷ്യം കൂടി പ്രഖ്യാപിച്ചപ്പോൾ ചൈന ബിറ്റ്കോയിനെ കൈവിടാൻ തീരുമാനിച്ചു.
സർക്കാർ ബിറ്റ്കോയിൻ മൈനിങ്ങിനെതിരെ തിരിഞ്ഞപ്പോൾ ആ സ്ഥാപനങ്ങളെല്ലാം പണിസാധനങ്ങളെല്ലാം പെട്ടിയിലാക്കി നാടുവിട്ടു. അതിൽ നല്ലൊരു ഭാഗം അതിർത്തി കടന്ന് കസാഖിസ്താനിലത്തി. കുറച്ചധികം റഷ്യയിലേക്കു കൊണ്ടുപോയി. അതിലേറെ പേരെ ടെക്സാസുപോലെ അമേരിക്കയിലെ പല സ്റ്റേറ്റുകളും സ്വീകരിച്ചു. ആൽബർട്ട പോലെ കാനഡയിലെ പല സ്ഥലങ്ങളിലും ബിറ്റ്കോയിൻ ഖനന കേന്ദ്രങ്ങളുണ്ടായി. അങ്ങനെ ബിറ്റ്കോയിൻ എന്ന കാണാ നാണയത്തിനായി കൽക്കരി കൂടുതൽ കത്തിത്തുടങ്ങി. നിലവിൽ ആകെ ബിറ്റ്കോയിൻ ഇടപാടുകളുടെ 35 ശതമാനവും കൈകാര്യം ചെയ്‌യുന്നത് അമേരിക്കയിലാണ്. 18.1 ശതമാനം കൈകാര്യം ചെയ്‌യുന്ന കസാഖിസ്താനാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങൾ രണ്ടും ഇപ്പോഴും വൈദ്യുതിക്കായി ഫോസിൽ ഇന്ധനങ്ങളെ കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളാണ്.
ക്രിപ്റ്റോകറൻസിക്ക് എന്തിനാണ് ഇത്രയേറെ വൈദ്യുതി?
കോയിനില്ല, അതുകൊണ്ട് അതുണ്ടാക്കേണ്ട ചിലവില്ല. കടലാസ് കറൻസിയല്ല, അതുകൊണ്ട് മരം വെട്ടി നശിപ്പിക്കേണ്ട. സർവം ഡിജിറ്റലായതുകൊണ്ട് കുറച്ച് ഭീതിയുണ്ടെങ്കിലും ഈ കടലാസ് രഹിത കാലത്ത് ആ ഭീതിയൊരു ഭീതിയല്ല. ബിറ്റ്കോയിനുകളുടെ ഗുണഗണങ്ങളേക്കുറിച്ച് നൂറുനാവിൽ പറയുന്നവരാരും ലോകത്ത് ഒരാളുടേയും നിയന്ത്രണത്തിലല്ലാത്ത ഈ ബിറ്റ്കോയിൻ കൈമാറ്റം ചെയ്‌യാൻ ചെലവാകുന്ന ഊർജ്ജത്തേക്കുറിച്ച് ഇത്രയൊന്നും ചിന്തിച്ചു കാണില്ല.
സതോഷി നകാമൊടോ 21 മില്യൺ ബിറ്റ്കോയിനാണ് ഉണ്ടാക്കിവച്ചിരിക്കുന്നത്. അതൊരു സെർവർ കമ്പ്യൂട്ടറിൽ ശേഖരിച്ചുവച്ചിരിക്കുകയൊന്നുമല്ല. ഒരു സ്ഥലത്ത് വെക്കാതെ പല സെർവറുകളിലായി ചിതറിക്കിടക്കുന്ന ലെഡ്ജറുകളിലാണ് ബിറ്റ്കോയിന്റെ കണക്കുള്ളത്. ഒരു ബിറ്റ്കോയിൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി നൽകണമെങ്കിൽ ഈ സെർവറുകളിലൊക്കെ പണി നടക്കണം. ലോകത്തിന്റെ പല മൂലകളിലുള്ള കാക്കത്തൊള്ളായിരം സെർവറുകളെ നിഗൂഢമായ കണക്കുകളുപയോഗിച്ചാണ് ബന്ധിപ്പിക്കണം. പ്രൂഫ് ഓഫ് വർക്ക് (PoW) എന്നറിയപ്പെടുന്ന കണക്കിലെ കളിയിൽ വിജയിച്ചാലേ ബിറ്റ്കോയിൻ വിനിമയം നടക്കുകയുള്ളൂ. ഓരോ വിനിമയവും ബ്ലോക്കുകളായാണ് രേഖപ്പെടുത്തുക. ആ രേഖപ്പെടുത്തൽ പൂർത്തിയാകണമെങ്കിൽ ഒരുപാട് വിവരങ്ങൾ ചേർന്നു നിൽക്കേണ്ടതുണ്ട്. അതു പൂർത്തിയാക്കണമെങ്കിൽ നിരവധി കമ്പ്യൂട്ടറുകൾ ഒന്നിച്ചു പ്രവർത്തിക്കണം. ആയിരക്കണക്കിന് മൈനർമാർ മത്സരബുദ്ധിയോടെ പ്രയത്നിക്കണം.
ആ യത്നം വിജയമായാൽ നകാമോട്ടോ ഉണ്ടാക്കിവെച്ചിരിക്കുന്ന 21 മില്യൺ ബിറ്റ്കോയിനുകളിൽ നിന്ന് നിശ്ചിത എണ്ണം പ്രതിഫലമായി ലഭിക്കും. ഈ പരിപാടിയാണ് ബിറ്റ്കോയിൻ മൈനിങ്. മൈനിങ്ങ് എന്നാൽ ഖനനം. ബിറ്റ്കോയിൻ മൈനിങ് എന്നു പറഞ്ഞാൽ നകാമോട്ടോ ഉണ്ടാക്കിവെച്ച വാലറ്റിൽ നിന്ന് ബിറ്റ്കോയിനുകൾ ഖനനം ചെയ്തെടുക്കുക എന്നു ചുരുക്കം. കൈയിൽ കിട്ടിയാൽ പിന്നീടത് ബിറ്റ്കോയിൻ മാർക്കറ്റിലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ മൈനിങ്ങിലൂടെ അതിന്റെ 90 ശതമാനവും മാർക്കറ്റിലിറങ്ങിക്കഴിഞ്ഞു- 2021 ഡിസംബർ വരെ 18.89 മില്യൺ ഖനനം നടന്നു. അതുകൊണ്ട്, ബിറ്റ്കോയിൻ ദാ തീരാൻ പോകുന്നു എന്നു കരുതരുത്. ഇപ്പോഴത്തെ കണക്കുവെച്ച് ഇനി ഒരു 118 വർഷം മിനക്കെട്ടാലേ ബാക്കിയുള്ള 10 ശതമാനം ബിറ്റ്കോയിൻ മാർക്കറ്റിലിറങ്ങുകയുള്ളൂ. ഒരു മൈനിങ്ങിലൂടെ ആദ്യവർഷം ലഭിച്ചത് 50 ബിറ്റ്കോയിനുകളാണ്. അന്ന് ഒരു ഡോളറായിരുന്നു അതിന്റെ മൂല്യം. മൂന്നു വർഷത്തിന് ശേഷം 2012 ൽ അത് 25 എണ്ണമായി. 2020 ൽ 6.25 എണ്ണം. 2024 ൽ 1.56 എണ്ണം. ഇനിയും അതങ്ങനെ കുറഞ്ഞു കൊണ്ടിരിക്കും.
പ്രധാന ക്രിപ്റ്റോ കറൻസികൾ
ബിറ്റ്കോയിന് പുറമേ എഥേറിയം, ലൈറ്റ്കോയിൻ, മൊണേറോ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ആദ്യകാലത്ത് മാർക്കറ്റിൽ ആയിരക്കണക്കിനോ ലക്ഷമോ ആയിരുന്നു ബിറ്റ്കോയിൻ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത് രണ്ട് ദശലക്ഷത്തോളം വരും. ഷെയേർഡ് ലെഡ്ജർ സംവിധാനത്തിലൂടെ പല സെർവറുകളിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നതിനാൽ ആനുപാതികമായി സെർവറുകളിൽ പണിസ്ഥലവും പണിയും കൂടും. ഡിമാന്റ് ആന്റ് സപ്ലെ എന്ന ലോകത്തിലെ ഏറ്റവും പുരാതനമായ മാർക്കറ്റിങ് തിയറിയാണ് ബിറ്റ്കോയിനിലും സംഭവിക്കുന്നത്. അതുകൊണ്ട് ഇലോൺ മസ്കിനെ പോലെ വല്ലവരും ബിറ്റ്കോയിനെ പിന്താങ്ങിയാൽ മാർക്കറ്റിൽ വിലയും വിനിമയവും കൂടും. അപ്പോൾ സ്വാഭാവികമായും ബിറ്റ്കോയിൻ മൈനിങ്ങ് കേന്ദ്രങ്ങളിലെ ജോലിയും വർധിക്കും. വൈദ്യുതി ഉപയോഗവുമെല്ലാം അതിനനുസരിച്ച് വർധിക്കും. അങ്ങനെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന പരസ്പരാശ്രിത സംവിധാനമാണ് ഈ ക്രിപ്റ്റോകറൻസി. നകാമോട്ടോയുടെ പ്രൂഫ് ഓഫ് വർക്ക് സംവിധാനമല്ല ഇവിടെ ഉപയോഗിച്ചിരുന്നതെങ്കിൽ പ്രശ്നം ഇത്രയേറെ ഗുരുതരമാവില്ല എന്നു വാദിക്കുന്നവരുമുണ്ട്.
എലൺ മസ്കിന്റെ വൈകി വന്ന വെളിപാട്
ആകാശത്തും ഭൂമിയിലും ഒരു പോലെ സജീവമായ ബിസിനസുകാരൻ എലൺ മസ്ക് കഴിഞ്ഞവർഷം നിങ്ങൾക്ക് ബിറ്റ്കോയിൻ നൽകി ടെസ്ല കാറുകൾ വാങ്ങാം എന്ന് ട്വീറ്റ് ചെയ്തു. തൊട്ടു പിന്നാലെ ടെസ്ലക്ക് 1.5 ബില്ല്യൺ ബിറ്റ്കോയിൻ നിക്ഷേപമുണ്ടെന്നും വെളിപ്പെടുത്തി. ബിറ്റ്കോയിൻ മാർക്കറ്റിൽ വലിയ കുതിപ്പാണ് ആ ട്വീറ്റുണ്ടാക്കിയത്.
എന്നാൽ രണ്ടു മാസത്തിനിപ്പുറം പരിസ്ഥിതിക്ക് ഏറ്റവും ദോഷമായ കൽക്കരി അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗത്തിന് ബിറ്റ്കോയിൻ കാരണമാകുന്നുവെന്നും അതിൽ ഉത്‌കണ്ഠയുണ്ടെന്നും അതിനാൽ താൻ വാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങുകയാണ് എന്നും മസ്ക് വ്യക്തമാക്കി.
തൊട്ടുപിന്നാലെ ആകാശം മുട്ടെ ഉയർന്ന ബിറ്റ്കോയിൻ മൂല്യം 15 ശതമാനം കണ്ടാണ് ഇടിഞ്ഞത്. ഈ സംഭവത്തിന് ശേഷമാണ് ബിറ്റ്കോയിനുമായി ബന്ധപ്പെട്ട പേരുദോഷം ഇല്ലാതാക്കാൻ പ്രകൃതി സൗഹൃദ ഊർജ്ജത്തിലേക്ക് മാറണമെന്ന ചർച്ചകൾ ഉയർന്നു കേട്ടത്.
ബിറ്റ്കോയിൻ പുറത്തിറങ്ങിയ ആദ്യകാലത്ത് ഒരു ഡോളർ വിലയും അധോലോക നായകന്റെ ഇമേജുമായിരുന്നു ബിറ്റ്കോയിന്. ഒരു സർക്കാരിനും പിടികൊടുക്കാത്ത ബിറ്റ്കോയിൻ എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു, ഇപ്പോഴും ഉപയോഗിച്ചു വരുന്നു. എന്നാൽ അധികം വൈകാതെ അതിന് മൂല്യമുയർന്നതോടെ ആളുകൾ ബിറ്റ്കോയിന് പിന്നാലെ പരക്കം പാഞ്ഞു തുടങ്ങി. അങ്ങനെ ലോകത്തെ ബിറ്റ്കോയിൻ മൈനിങ് കേന്ദ്രങ്ങൾക്ക് പണി കൂടി. അതിന് വേണ്ടി ഊർജ്ജം കണ്ടെത്താനാണ് അമേരിക്കയിലും മറ്റും അടച്ചുപൂട്ടിയ കൽക്കരി വൈദ്യുതോർജ്ജ പ്ലാന്റുകളിൽ ചിലത് വീണ്ടും തുറക്കേണ്ടി വന്നത്. കൂടുതൽ ലാഭമുണ്ടാക്കാൻ വൈദ്യുതി തേടിപ്പോയവർക്ക് വേണ്ടി ഫോസിൽ ഇന്ധനങ്ങൾ കൂടുതൽ കത്തിത്തുടങ്ങി. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഗുണം ചെയ്‌യില്ലെന്ന് കണ്ടതോടെയാണ് ചൈന ബിറ്റ്കോയിൻ മൈനിങ്ങിന് ചുവപ്പുകൊടി കാണിച്ചത്.
ബിറ്റ്കോയിൻ മലിനീകരണം
അമേരിക്കൻ സ്റ്റേറ്റുകൾ ബിറ്റ്കോയിൻ മൈനർ മാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോയതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി മൈനിങ് കേന്ദ്രമായ ഗ്രീനിഡ്ജ് ജനറേഷൻ തന്നെ വലിയ ഒരു ഉദാഹരണമാണ്. പൂട്ടിപ്പോയ ന്യൂയോർക്കിലെ പഴയ കൽക്കരി വൈദ്യുതി നിലയം ക്രിപ്റ്റോ മൈനിങ്ങിന് വേണ്ടി ഏറ്റെടുത്ത്, അവിടെ 106 മെഗാവാട്ടിന്റെ പ്രകൃതി വാതക വൈദ്യുതി നിലയം സ്ഥാപിച്ച് അതിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ബിറ്റ്കോയിൻ മൈനിങ്ങ് നടത്തിവരികയാണ്. 2019 – 20 കാലമായപ്പോഴേക്കും അവർ പുറത്തുവിടുന്ന കാർബൺ വാതകത്തിന്റെ തോത് പത്തിരട്ടിയായി ഉയർന്നു. 2025 ഓടെ ഉത്‌പാദനം പലയിരട്ടിയായി വർദ്ധിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണ്. വായുമലിനീകരണവുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് ഇവിടെ ഉയർന്നു വരുന്നത്.
പെൻസിൽവാനിയയിലാകട്ടെ ഓരോ വർഷവും 6 ലക്ഷം ടൺ കൽക്കരി കത്തിച്ചാണ് ഏതാണ്ട് 1800 മൈനിങ് കമ്പ്യൂട്ടറുകൾക്ക് വൈദ്യുതി നൽകിക്കൊണ്ടിരിക്കുന്നത്. ലോകത്ത് ആദ്യമായി ബിറ്റ്കോയിൻ അംഗീകൃത നാണയമായി പ്രഖ്യാപിച്ച എൽ സാൽവദോറിൽ സർക്കാരിന്റെ സ്വന്തം ബിറ്റ്കോയിൻ മൈനിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിന്റെ ഓരോ കോണിലും ഇതുപോലെ ബിറ്റ്കോയിൻ വിശേഷങ്ങൾ നിരവധിയുണ്ട്.
ബിറ്റ്കോയിൻ വിനിമയത്തിൽ നിന്നു മാത്രം ഒരു വർഷം 96 മില്യൺ ടൺ കാർബൺ ഡയോക്സൈഡ് പുറത്തു വിടുന്നു എന്നാണ് കണക്ക്. മറ്റൊരു ക്രിപ്റ്റോ കറൻസിയായ എതേറിയത്തിന്റെ ഇരട്ടിയിലധികം വരുമിത്. ബിറ്റ്കോയിന് വേണ്ടി കത്തുന്ന ഇന്ധനങ്ങളുടെ പുക മാത്രമല്ല പരിസ്ഥിതിക്ക് ദോഷമാകുന്നത്. ഇ വേസ്റ്റ് വലിയൊരു പ്രശ്നമായി വളരുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾക്കും അനുബന്ധ ഉപകരണങ്ങളഅക്കും അറ്റകുറ്റപ്പണികൾ കൂടുതലാണ്. അതുവഴി ഉപേക്ഷിക്കുന്ന ഇ വേസ്റ്റ് മാത്രം പ്രതിവർഷം 30,700 ടൺ വരുമെന്നാണ് ബിബിസി ഈയിടെ പുറത്തുവിട്ട കണക്ക്. അതായത് ഒരു ബിറ്റ്കോയിൻ ട്രാൻസാക്ഷന് 275 ഗ്രാം ഇ വേസ്റ്റ് എന്ന തോതിൽ. ഒരു ഐഫോൺ 13 ന് പോലും 173 ഗ്രാം തൂക്കമേയുള്ളൂ എന്നുമോർക്കണം.
ബിറ്റ്കോയിൻ മൈനിങ്ങും, അതിന്റെ മൂല്യവും, ചെലവും, കാർബൺ എമിഷൻ, ഇ വേസ്റ്റ് – കാര്യങ്ങൾ ഒരു പിടിയു കിട്ടാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ അമേരിക്കൻ കോൺഗ്രസിൽ വിഷയം ഗൗരവമായി ചർച്ച ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ, യുറോപ്യൻ യൂണിയനിലാൽ പ്രതിഷേധത്തിന്റെ സ്വരം അൽപ്പം കടുത്തതാണ്. സ്വീഡനടക്കം പല രാജ്യങ്ങളും ബിറ്റ്കോയിൻ നിരോധിക്കണം എന്നാവശ്യം രേഖാമൂലം അറിയിച്ചു കഴിഞ്ഞു. യൂറോപ്പ് മുഴുവൻ ബിറ്റ്കോയിനും എതേറിയവും ഖനനം ചെയ്‌യുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സ്വീഡൻ അടുത്ത കാലത്താണ് യൂറോപ്യൻ യൂണിയന് തുറന്ന കത്തെഴുതിയത്. സ്വീഡന്റെ വൈദ്യുതി ഉപയോഗത്തിൽ നല്ലൊരു പങ്ക് ഇതിന് വേണ്ടി ചിലവഴിക്കുന്നുവെന്നായിരുന്നു കത്തിൽ. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസം രണ്ട് ലക്ഷം വീടുകൾക്ക് ഉപയോഗിക്കേണ്ട വൈദ്യുതിയാണ് ബിറ്റ്കോയിൻ മൈനിങ്ങിന് വേണ്ടി ഉപയോഗിച്ചത് എന്നാണ് സ്വീഡൻ അവകാശപ്പെടുന്നത്.
വിഷയം ഇത്രയേറെ കത്തിക്കയറിയിട്ടും, കഴിഞ്ഞ വർഷം ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളേക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും ക്രിപ്റ്റോകറൻസികൾ ചർച്ചയായില്ലെന്നും പരാതി വ്യാപകമായിരുന്നു. പുറത്ത് കാർബൺ വാതകങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവരിൽ പലരും ബിറ്റ്കോയിൻ ഉപയോക്താക്കളാണെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. സത്യം എന്തായാലും പുതുതലമുറ ഈ പ്രശ്നം എത്ര ഗൗരവമായെടുക്കും എന്ന കാര്യം ഗൗരവമായ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.
Content Highlights: Crypto Pollution