വേഗം കൂടിയ ഡാറ്റാ കൈമാറ്റമാണ് 5ജി നെറ്റ് വർക്ക് വാഗ്ദാനം ചെയ്‌യുന്നത്. ഇതാദ്യമായാണ് 3.3 ഗിഗാഹെർട്സ്- 3.6 ഗിഗാഹെർട്സ് സ്പെക്‍ട്രം, എംഎം വേവ് സ്പെക്‍ട്രം ബാൻഡുകൾ സർക്കാർ ലേലം ചെയ്‌യാൻ പോവുന്നത്. എന്നാൽ ഉയർന്ന ഫ്രീക്വൻസിയിലുള്ള 5ജി തരംഗങ്ങൾക്ക് വളരെ എളുപ്പം തടസങ്ങൾ നേരിടാൻ സാധ്യതയുണ്ടത്രേ.
നിലവിൽ 4ജി സിഗ്നലുകൾക്ക് തന്നെ പല കെട്ടിടങ്ങൾക്കുള്ളിലേക്കും എത്തിക്കാൻ പ്രയാസം നേരിടുന്നുണ്ട്. 5ജി നെറ്റ് വർക്ക് കെട്ടിടങ്ങൾക്കുള്ളിലെത്തിക്കാൻ ഇതിലേറെ പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്. മതിലുകളും ചുമരുകളും മരങ്ങളുമെല്ലാം 5ജി തരംഗങ്ങൾക്ക് തടസം സൃഷ്ടിച്ചേക്കാം.
വളരെ കുറഞ്ഞ ദൂരപരിധി മാത്രം എത്തിച്ചേരാനാകുന്ന ഉയർന്ന ഫ്രീക്വൻസിയിലുള്ള സിഗ്നലുകളായതിനാൽ കെട്ടിടങ്ങൾക്കുള്ളിൽ 5ജി കവറേജ് എത്തിക്കുന്നത് വലിയ വെല്ലുവിളിയാവാൻ പോവുകയാണെന്ന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (ഡിഐപിഎ) നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കവെ ട്രായ് ചെയർമാൻ പിഡി വഗേല പറഞ്ഞു.
5ജി നെറ്റ് വർക്കുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങൾക്കുള്ളിൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കൺസൽട്ടേഷൻ പേപ്പർ ട്രായ് തയ്‌യാറാക്കിയിട്ടുണ്ട്. ടെലികോം സേവനദാതാക്കൾക്കും ഈ രംഗത്തുള്ള മറ്റ് സേവനദാതാക്കൾക്കുമുള്ള നിർദേശങ്ങളാണിതിൽ.
വരുമാനത്തേക്കാൾ കൂടുതൽ ഡിജിറ്റൽ കണക്റ്റിവിറ്റിക്കായി സംസ്ഥാനങ്ങൾ ശ്രമിക്കുന്ന ഒരു കാലം വരുമെന്നും വഗേല പറഞ്ഞു.
5ജിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 8 ലക്ഷം പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. ഇക്കാലയളവിൽ തന്നെ ടവറുകളുടെ ഫൈബറൈസേഷൻ ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി വിജയകരമാകണമെങ്കിൽ ശരിയായ അടിസ്ഥാന സൗകര്യങ്ങളും ഫൈബർ ശൃംഖലയുടെ പിന്തുണയും ടെലികോം കമ്പനികൾക്ക് ആവശ്യമാണ്.
Content Highlights: 5G Network Challenges, High Frequency Spectrum, 5G in India, TRAI