കൊച്ചി:നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂർത്തിയായതിന് ശേഷമാകണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ച പുതിയ സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി നൽകിയത്. പത്ത് ദിവസത്തിനകം വിസ്താരം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
അഞ്ച് സാക്ഷികളിൽ ചിലർ കോവിഡ് പോസിറ്റീവ് ആയതിനാലും ഒരാൾ കേരളത്തിന് പുറത്തായതിനാലും പത്ത് ദിവസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല. തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തിൽ വിസ്താരം നടത്തുന്നതിനുള്ള സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യമാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെ അഞ്ചു പ്രതികളുടെയും രണ്ടാംദിവസത്തെ ചോദ്യംചെയ്യൽ തുടരുകയാണ്. ക്രൈ ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
Content Highlights:Prosecution in High Court seeking extension of hearing in actress abduction case