ഒമാന്> കൈരളി ആര്ട്സ് ക്ലബ് ഒമാന് റൂവി യൂണിറ്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഒന്നാമത് റൂവി കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് സമീക്ഷ് ഇലവന് ചാമ്പ്യന്മാരായി. ഒമാനിലെ വിവിധ പ്രദേശങ്ങളില് നിന്നുള്ള പ്രധാനപ്പെട്ട 16 ടീമുകളാണ് ടൂര്ണമെന്റില് മത്സരിച്ചത്. ഫൈനലില് ഡെസേര്ട്ട് ഇലവനെ പരാജയപ്പെടുത്തിയാണ് സമീക്ഷ് ഇലവന് വിജയികളായത്. സമീക്ഷ് ഇലവന്റെ അശോക് മാന് ഓഫ് ദി സീരീസായും മാന് ഓഫ് ദി മാച്ചായും മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു. ഡെസേര്ട്ട് ഇലവന്റെ രാഹുലാണ് മികച്ച ബൗളര്.
ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനങ്ങളിലൊന്നായ പുരുഷോത്തം കാഞ്ചി എക്ച്ചേഞ്ചാണ് മത്സരപരിപാടി സ്പോണ്സര് ചെയ്തത്. ഇന്ത്യന് സോഷ്യല് ക്ലബ് ഒമാന് കേരള വിഭാഗം കണ്വീനര് സന്തോഷ് കുമാര് മത്സരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി റിയാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുഗതന് അദ്ധ്യക്ഷനായി. കൈരളി ആര്ട്സ് ക്ലബ് ഒമാന് ജനറല് സെക്രട്ടറി ബാലകൃഷ്ണന്, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറല് മാനേജര് സുബിന് ജേക്കബ് എന്നിവര് ചേര്ന്ന് വിജയികള്ക്കും, റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികള് സമ്മാനിച്ചു. അഭിലാഷ് ശിവന് സംഘാടക സമിതിക്കു വേണ്ടി നന്ദി പ്രകാശിപ്പിച്ചു.
ഒമാനിലെ പ്രവാസി സമൂഹത്തില് അനവധി സാമൂഹികക്ഷേമ, സാംസ്ക്കാരിക പരിപാടികള് ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സംഘനയാണ് കൈരളി ഒമാന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും, ഷഹീന് ചുഴലിക്കാറ്റ് കൊടും വിനാശം വിതച്ച സന്ദര്ഭങ്ങളിലുമുള്പ്പടെ കൈരളിയുടെ സന്നദ്ധപ്രവര്ത്തകരുടെ സാന്നിദ്ധ്യം പ്രവാസികളുടെ മാത്രമല്ല, സ്വദേശി ഇടങ്ങളിലും ചര്ച്ചാവിഷയമായിരുന്നു. കൈരളിയുടെ മികച്ച യൂണിറ്റുകളിലൊന്നായ റൂവി, വനിതകളെ ഉള്പ്പടെ സംഘടിപ്പിച്ചു കൊണ്ട് വലിയ രീതിയിലുള്ള ഒരു രക്തദാന ക്യാമ്പ് അടുത്തിടെ സംഘടിപ്പിച്ചിരുന്നു.