തിരുവനന്തപുരം: കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കിനിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംസ്ഥാനത്ത് ആകമാനം ടി.പി.ആർ 35.27% ആണ്. തിരുവനന്തപുരത്ത് 47.8%. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ, സർക്കാർ ഇപ്പോഴും ആലോചനയിലാണ്. അവലോകനയോഗം പോലും നാളെ ചേരാൻ ഇരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സാധാരണ ടെലിവിഷനിൽ വന്ന് വാചക കസർത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല.സർക്കാർ ജനങ്ങളെ പൂർണ്ണമായും കൈവിട്ടിരിക്കുകയാണ്. ഈ മഹാമാരി കാലത്ത് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറിനിൽക്കുന്നു.
ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മും വരുത്തി വച്ചതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സി.പി.എമ്മിന്റെ സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് മൂന്നാം തരംഗത്തിന്റെ തുടക്കം കണ്ടിട്ടും സർക്കാർ നിയന്ത്രണങ്ങളിലേക്ക് കടക്കാതിരുന്നത്.ടെസ്റ്റുകൾ നടത്തിയില്ല. മുന്നൊരുക്കങ്ങൾ ചെയ്തില്ല. രോഗവ്യാപനം മൂടിവെച്ച് പാർട്ടി സമ്മേളനങ്ങൾക്ക് കൊഴുപ്പു കൂട്ടാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്.കോവിഡ് ജനങ്ങളെ വിഴുങ്ങുമ്പോൾ മെഗാ തിരുവാതിര നടത്തി രസിക്കുകയായിരുന്നു ഭരണക്കാർ.
അതുകഴിഞ്ഞ് ജില്ലാ കളക്ടർ പൊതുപരിപാടികൾ നിരോധിക്കുകയും മരണത്തിനും വിവാഹത്തിനും 50 പേർ മാത്രമെന്ന നിബന്ധന കൊണ്ടുവന്നിട്ടും സി.പി.എം അടച്ചിട്ട ഹാളിൽ മൂന്നൂറിലധികം പേരെ തിരുകി നിറച്ച് സമ്മേളനം തുടർന്നു.
ജനങ്ങളോടുള്ള പുച്ഛവും അധികാരത്തിന്റെ ഗർവ്വും അഹങ്കാരവുമാണ് സി.പി.എം പ്രകടിപ്പിച്ചത്. ഭരണത്തിന് നേതൃത്വം നൽകുന്നവർ തന്നെ ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിയാൽ അത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്? കോവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സ്കൂളുകളും കോളേജുകളും അടയ്ക്കാത്തതിന് കേരളം വലിയ വിലയാണ് നൽകേണ്ടി വന്നിരിക്കുന്നത്. പല സ്കൂളുകളും കോളേജുകളും ക്ളസ്റ്ററുകളായി രൂപപ്പെട്ടിരിക്കുന്നു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഈ മാസം 25 നാണ്. അതിന് വേണ്ടിയാണ് കോളേജുകൾ പൂട്ടാതിരുന്നത്.
മൂന്നാം തരംഗം വരികയാണെന്ന് ആവശ്യത്തിലേറെ മുന്നറിയിപ്പുകൾ നേരത്തെ ലഭിച്ചതാണ്. ഡൽഹി, മഹാരാഷ്ട്ര, കർണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ കൊണ്ടു വന്നു. ആശുപത്രികളിൽ മുന്നൊരുക്കങ്ങൾ നടത്തി. അത് കാരണം അവർക്ക് രോഗവ്യാപനം നിയന്ത്രിക്കാനായി.
കേരളത്തിലെ ആശുപത്രികളിൽ അത്യാവശ്യ മരുന്നും കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങളുമില്ലെന്ന് പലേടത്തു നിന്നും പരാതി ഉയരുന്നു.ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡിന്റെ മറവിൽ വൻ കൊള്ളയടിയാണ് സർക്കാർ നടത്തിയത്. അതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അഴിമതിയുടെ ഫയലുകൾ അപ്പാടെ നശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.ജനങ്ങളുടെ ജീവൻ വച്ചു കളിക്കരുത്. സർക്കാർ ഇനിയെങ്കിലും ഉണർന്നു യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.