ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്ന തിരക്കിലാണ്. കുതിച്ചുയരുന്ന കോവിഡ് കേസുകൾ മറ്റൊരു സമ്പൂർണ്ണ അടച്ചിടലിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതും മാസ്കുകൾ കൃത്യമായി ധരിക്കുന്നതും സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നതും ഒപ്പം സാമൂഹിക അകലം പാലിക്കുന്നതും കോവിഡ് മഹാമാരിയെ തടഞ്ഞു നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കോവിഡിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ പങ്കുവെക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഡൂഡിൽ. വാക്സിനേഷൻ എടുക്കാനും മാസ്ക് ധരിക്കാനും ആളുകളെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിൾ അവരുടെ ഹോം പേജിലാണ് ആനിമേറ്റഡ് ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഹോംപേജ് സന്ദർശിക്കുമ്പോൾ ദൃശ്യമാകുന്ന ഗൂഗിൾ ഡൂഡിളിൽ ക്ലിക്കുചെയ്‌യുന്നത് നിങ്ങളുടെ അടുത്തുള്ള സ്ഥലത്തെ കോവിഡ്-19 വാക്സിനേഷൻ ലഭ്യമാകുന്ന (COVID Vaccine near me) സ്ഥലങ്ങൾ കാണിച്ചു തരുന്നു. ഇതിലൂടെ ഉപയോക്താക്കളെ കോവിഡ് വാക്സിനേഷൻ സ്വീകരിക്കാനും കോവിഡിനെതിരെ ഒന്നിച്ചു പോരാടാനും പ്രോത്സാഹിപ്പിക്കുകയാണ് ഗൂഗിൾ. കഴിഞ്ഞ വർഷം കോവിഡ് രണ്ടാം തരംഗം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ അതിമാരകമായി ബാധിച്ചപ്പോൾ ഗൂഗിൾ ഇതേ ഡൂഡിൽ അവതരിപ്പിച്ചിരുന്നു.
&ldquoവാക്സിൻ എടുക്കുക, മാസ്ക് ധരിക്കുക, ജീവൻ രക്ഷിക്കുക&rdquo എന്ന സന്ദേശം ഡൂഡിൽ ഉൾക്കൊള്ളുന്നു. ഡൂഡിലിന് മുകളിലൂടെ കഴ്സർ നീക്കിയാൽ ഇത് വായിക്കാനാകും. മാസ്കകുകളും ബാൻഡേജുകളും ഉൾപ്പെട്ട രീതിയിലാണ് “GOOGLE” ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ ഡൂഡിൽ വെബ്സൈറ്റിൽ ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച്, ഇന്ത്യ, കാനഡ, ഇറ്റലി, ലിത്വാനിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പോലെയുള്ള രാജ്യങ്ങളിലും ഡൂഡിൽ ദൃശ്യമാകുന്നു.
ഓമിക്രോൺ വേരിയന്റ് കാരണം ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർധനക്കിടയിലാണ് ആനിമേറ്റഡ് ഡൂഡിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Content Highlights : Google Doodle Encourages People to Get COVID-19 Vaccine, Wear Face Masks as Covid cases increasing