ഓപ്പോ യുടെ ഓപ്പോ എ36 സ്മാർട്ഫോൺ പുറത്തിറക്കി. ബജറ്റ് സ്മാർട്ഫോൺ ഗണത്തിൽ വരുന്ന ഈ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയും 6.52 ഇഞ്ച് എൽസിഡി എച്ച്ഡിപ്ലസ് ഡിസ്പ്ലേയും ഉണ്ട്. 1600×720 റസലൂഷനുള്ള സ്ക്രീനിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.
സ്നാപ്ഡ്രാഗൺ 680 പ്രൊസസറാണിതിൽ എന്നാണ് വിവരം. 8 ജിബി വരെയുള്ള LPDDR4x റാമും 256 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ടാവും. മൈക്രോ എസ്ഡി സ്ലോട്ട് ലഭ്യമാണ്. ഒരു ടിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകൾ ഉപയോഗിക്കാം. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 11.1 ആണിതിൽ.
പിൻഭാഗത്തെ ഡ്യുവൽ കാമറയിൽ 13 എംപി, രണ്ട് എംപി സെൻസറുകൾ ഉൾപ്പെടുന്നു. സ്ക്രീനിന് മുകളിൽ ഇടത് ഭാഗത്തായി നൽകിയ പഞ്ച് ഹോളിലാണ് സെൽഫി ക്യാമറ നൽകിയിരിക്കുന്നത്. 8 എംപി ക്യാമറയാണിതിൽ.
5000 എംഎഎച്ച് ബാറ്ററിയിൽ 10 വാട്ട് ചാർജിങ് സൗകര്യമുണ്ട്. നീല, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. ചൈനയിൽ 1599 യുവാൻ ആണ് വില. ഇത് ഏകദേശം 18500 രൂപയോളം വരും. ജനുവരി 14 മുതലാണ് ഇതിന്റെ വിൽപന ആരംഭിക്കുന്നത്.
Content Highlights: Oppo A36 with 5000mAh battery, Snapdragon 680 processor launched