തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട എട്ട്, എറണാകുളം ഏഴ്, കൊല്ലം, മലപ്പുറം ആറ് വീതം, കോഴിക്കോട് അഞ്ച്, പാലക്കാട്, കാസർകോട്രണ്ട് വീതം, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്ക്.
ഇവരിൽ 42 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം മൂന്ന്, ആലപ്പുഴ ആറ് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ആലപ്പുഴയിൽ രോഗം സ്ഥരീകരിച്ചവരിൽ അഞ്ച് പേർ യുഎഇയിൽ നിന്നും ഒരാൾ തുർക്കിയിൽ നിന്നും വന്നതാണ്. തൃശൂർ യുഎഇ-4, ഖത്തർ-3, പത്തനംതിട്ട യുഎഇ-3, യുഎസ്എ-2, സൗദി അറേബ്യ-1, ഖത്തർ -1, കസാക്കിസ്താൻ – 1, എറണാകുളം യുഎഇ – 5, ഉക്രൈൻ-1, ജർമനി – 1, കൊല്ലം യുഎഇ – 2, ഖത്തർ – 1, മലപ്പുറം യുഎഇ – 5, ഖത്തർ – 1, കോഴിക്കോട് യുഎഇ – 5, പാലക്കാട് യുഎഇ – 1, ഇസ്രായേൽ – 1, കാസർകോട് യുഎഇ- 2, കണ്ണൂർ യുഎഇ – 1 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയവരുടെ കണക്ക്.
ഇതോടെ സംസ്ഥാനത്ത് ആകെ 480 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 332 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 6 പേരാണുള്ളത്.
Content Highlights :Kerala reports 59 new cases of Omicron Covid variant, tally reaches 480