സാംസങിന്റെ ഗാലക്സി ടാബ് എ8 ( Galaxy Tab A8) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 10.5 ഇഞ്ച് സ്ക്രീനോടുകൂടിയാണ് ഇത് എത്തിയിരിക്കുന്നത്. 17999 രൂപയാണ് ഇതിന് വില.
ഗ്രേ, സിൽവർ, പിങ്ക് ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ടാബ് എ8 വിൽപനയ്ക്കെത്തുക. ജനുവരി 17 മുതൽ ഇത് ലഭ്യമാവും.
ടാബ് എ8 വൈഫൈ വേരിയന്റിന്റെ 3 ജിബി/32ജിബി പതിപ്പിന് 17999 രൂപയും 4ജിബി/64ജിബി പതിപ്പിന് 19999 രൂപയുമാണ് വില.
എൽടിഇ വേരിയന്റിന്റെ 3ജിബി/32ജിബി പതിപ്പിന് 21999 രൂപയും 4ജിബി/64ജിബി പതിപ്പിന് 23999 രൂപയും ആണ് വില.
ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക് 2000 രൂപ കിഴിവ് ലഭിക്കുമെന്നും 4499 രൂപയുടെ ബുക്ക് കവർ 999 രൂപയ്‍ക്ക് കിട്ടുമെന്നും സാംസങ് പറഞ്ഞു.
മികച്ച ദൃശ്യാനുഭവം നൽകുന്ന ഡിസ്പ്ലേയും, ഡ്യുവൽ സ്പീക്കറിന്റെ പിൻബലത്തിലുള്ള ഡോൾബി അറ്റ്മോസ് ശബ്ദാനുഭവവും ടാബിനെ മികച്ചതാക്കുന്നു.
ഒക്‍ടാകോർ പ്രൊസസറും, മാലി ജി52 എംപി2 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമാണിതിന്. 7040 എംഎഎച്ച് ബാറ്ററിയുണ്ട്. 15 വാട്ട് അതിവേഗ ചാർജിങ് ലഭിക്കും.
8എംപി റിയർ ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ആണിതിന്. പുതിയ സ്ക്രീൻ റെക്കോർഡർ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: samsung galaxy tab a8 launched in india