ഇക്കഴിഞ്ഞ നവംബറിലാണ് ഫെയ്സ്ബുക്കിനെ റീബ്രാൻഡ് ചെയ്തുകൊണ്ട് മാർക്ക് സക്കർബർഗ് പുതിയ പേരായ മെറ്റായെ ലോകത്തിന് പരിചയപ്പെടുത്തിയത്. മെറ്റാ വേഴ്സ് സാങ്കേതിക വിദ്യകളിലൂന്നിയ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ പേര് മാറ്റം. ഈ പദ്ധതിയ്ക്ക് വേണ്ടി ടെക്ക് ഭീമന്മാരായ ആപ്പിൾ, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികളിൽ നിന്ന് വിദഗ്ദ്ധരെ അടർത്തിയെടുക്കാനുള്ള ശ്രമത്തിലാണത്രെ സക്കർബർഗും കൂട്ടരും.
കമ്പനിയുടെ ഓഗ്മെന്റഡ് റിയാലിറ്റി ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് ഈ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ മൈക്രോസോഫ്റ്റിന്റെ ഹോളോ ലെൻസ് എആർ ഹെഡ്സെറ്റ് ടീമിലുണ്ടായിരുന്ന നൂറോളം പേരാണ് രാജിവെച്ച് മെറ്റായിൽ ചേർന്നത്.
തങ്ങളുടെ നിരവധി മുൻ ജീവനക്കാർ മെറ്റായിൽ ചേർന്നതായി ആപ്പിളും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ജീവനക്കാരെ നിലനിർത്താനുള്ള പദ്ധതികൾ കമ്പനി നടപ്പിലാക്കിവരികയാണ്. ഇതിന്റെ ഭാഗമായി ആദായകരമായ ഓഹരി ഓപ്ഷനുകളും, 50,000 ഡോളറിനും 1.80 ലക്ഷത്തിനും ഇടയിൽ വരുന്ന ബോണസുകളും ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്റർനെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് മാർക്ക് സക്കർബർഗ് പറയുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ പ്രതീതിയാഥാർത്ഥ്യം, വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകളെ സയോജിപ്പിച്ചുള്ള മെറ്റാവേഴ്സ് പദ്ധതികൾ സക്കർബർഗ് വിശദീകരിച്ചിരുന്നുവെങ്കിലും മെറ്റാവേഴ്സ് എന്നത് ഏത് രീതിയിലേക്ക് പരിണമിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല.
എങ്കിലും മെറ്റാവേഴ്സിന് വലിയൊരു ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ലോകോത്തര കമ്പനികളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരെ മെറ്റ തങ്ങളിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: meta facebook employing tech workers from Apple and software giant Microsoft