ലോകം വാഴുന്ന ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരിയിലുള്ളയാളാണ് ആമസോൺ മേധാവി ജെഫ് ബെസോസ് എന്ന ജെഫ്രി പ്രിസ്റ്റൺ ജോർഗൻസൺ. അദ്ദേഹത്തിന്റെ 58ാം ജന്മദിനമാണ് ഇന്ന്.
ലോകത്തെ ഏറ്റവും വലിയ വാണിജ്യ സാമ്രാജ്യങ്ങളിലൊന്നിന്റെ അധിപൻ, നിക്ഷേപകൻ, കംപ്യൂട്ടർ എൻജിനീയർ, വാണിജ്യ ബഹിരാകാശ സഞ്ചാരി. ബെസോസിന് ഇന്ന് വിശേഷണങ്ങൾ ഏറെയാണ്.
1964 ജനുവരി 12 ന് ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്കിയിലാണ് ജെഫ്രി പ്രിസ്റ്റൺ ജോർഗൻസണിന്റെ ജനനം. അമ്മ ജാക്ക്ലിൻ, അച്ഛൻ തിയോഡോർ ജോർഗൻസൺ. ജനിക്കുമ്പോൾ ഒരു 17 കാരിയായ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. തന്റെ മകനെയുമെടുത്താണ് ജാക്ക്ലിൻ സ്കൂളിൽ പിന്നീട് രാത്രി ക്ലാസുകളിൽ പങ്കെടുത്തത്. തിയോഡോർ ജോർഗൻസണുമായി വേർപിരിഞ്ഞതിന് ശേഷം ജെഫ്രിയുടെ നാലാം വയസിലാണ് ജാക്ക്ലിൻ ക്യുബയിൽ നിന്ന് കുടിയേറിയെത്തിയ മിഖായേൽ മൈക്ക് ബെസോസിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം മൈക്ക് ജെഫ്രിയെ തന്റെ മകനായി ദത്തെടുത്തു. അങ്ങനെയാണ് ജെഫ്രിയുടെ പേരിനൊപ്പം ബെസോസ് എന്നത് ചേരുന്നത്.
ഇലക്‍ട്രിക്കൽ എഞ്ചിനീയറിങിലും കംപ്യൂട്ടർ സയൻസിലും ബിരുദങ്ങൾ നേടിയിട്ടുണ്ട് ബെസോസ്. 1986-1994 കാലഘട്ടങ്ങളിൽ വാൾസ്ട്രീറ്റിൽ വിവിധ ജോലികൾ ചെയ്തിരുന്നു. 1994 ലാണ് അദ്ദേഹം ആമസോണിന് തുടക്കമിട്ടത്. ന്യൂയോർക്കിൽ നിന്നും സിയാറ്റിലിലേക്കുള്ള ഒരു റോഡ് യാത്രയ്‍ക്കിടെയാണ് ആമസോൺ എന്ന ആശയം ബെസോസിന്റെ മനസിലുദിച്ചത്. പുസ്തകങ്ങൾ ഓൺലൈനായി വിൽക്കുന്ന സംരംഭമായിരുന്നു ആദ്യ കാലത്ത് ആമസോൺ. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് വിവിധങ്ങളായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനമായി മാറി. ഭാര്യയായ മക്കെൻസി ടട്ടിലും അന്ന് ഒപ്പമുണ്ടായിരുന്നു. അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരായത്. വാണിജ്യ സാമ്രാജ്യത്തിന്റെ പങ്കാളികൂടിയായിരുന്ന മക്കെൻസിയുമായുള്ള വിവാഹമോചനം അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തുടക്കകാലത്ത് ജെഫ് ബെസോസ് തന്നെ ആമസോൺ പാക്കേജുകൾ നേരിട്ട് പോസ്റ്റ് ഓഫീസിൽ എത്തിച്ചകാലവുമുണ്ട്. രാപ്പകലില്ലാതെ അന്ന് കഷ്ടപ്പെട്ടതുകൊണ്ടാവാം. അദ്ദേഹത്തിന്റെ വളർച്ച ഇന്ന് ബഹിരാകാശത്തോളം എത്തി നിൽക്കുകയാണ്.
ആമസോൺ എന്ന ഇകോമേഴ്സ് സേവനത്തെ കൂടാതെ, ക്ലൗഡ് കംപ്യൂട്ടിങ്, ഡിജിറ്റൽ സ്ട്രീമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയ മേഖലകളിലും ആമസോൺ പ്രവർത്തിക്കുന്നുണ്ട്. ഗൂഗിൾ, ആപ്പിൾ,മെറ്റ , മൈക്രോസോഫ്റ്റ് എന്നിവയ്ക്കൊപ്പം അമേരിക്കയിലെ മുൻനിര ഐടി കമ്പനികളിലൊന്നാണ് ആമസോൺ. ഓട്ടോണമസ് വെഹിക്കിൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ കുയിപ്പർ സിസ്റ്റംസ്, കംപ്യൂട്ടർ ഹാർഡ് വെയർ റിസർച്ച് ആന്റ് ഡെവലപ്പിങ് സ്ഥാപനമായ ആമസോൺ ലാബ് 126, വ്യോമയാന ബഹിരാകാശ യാത്രാ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിൻ എന്നിവയും ബെസോസിന്റെ വാണിജ്യ ശൃംഖലയിലെ കണ്ണികളാണ്.
Content Highlights: jeff bezos birthday amazon founder