കാലിഫോർണിയ: ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നത് വൈകിപ്പിച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. മാത്രവുമല്ല ജീവനക്കാരെല്ലാം ബൂസ്റ്റർ വാക്സിൻ എടുത്തിരിക്കണമെന്നും കമ്പനി നിർബന്ധമാക്കി. ജനുവരി 31 ന് ഓഫീസ് വീണ്ടും തുറക്കാനായിരുന്നു മെറ്റായുടെ പദ്ധതി. എന്നാൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത് മാർച്ച് 28 ലേക്ക് നീട്ടി.
നേരത്തെ ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും വീട്ടിൽ തന്നെ ജോലി തുടരാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അനുവാദം കമ്പനി നൽകിയിരുന്നു. നിലവിൽ വർക്ക് ഫ്രം ഹോം ചെയ്‌യുന്നവർക്ക് ഓഫീസിൽ തിരികെയെത്താൻ മാർച്ച് 28 വരെ സമയം ലഭിക്കും. ഓഫീസിൽ വരണോ, വീട്ടിൽ തന്നെ തുടരണോ എന്ന് തീരുമാനിക്കാൻ ജീവനക്കാർക്ക് മാർച്ച് 14 വരെ സമയം നൽകിയിട്ടുണ്ട്. വീട്ടിൽ ജോലി ചെയ്‌യാൻ താൽപര്യമുള്ളവർക്ക് സ്ഥിരമായി അത് തിരഞ്ഞെടുക്കാനും, താൽകാലികമായി വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും സാധിക്കും. ഒപ്പം ഓഫീസിലേക്ക് തിരിച്ചെത്തുന്നവരെല്ലാം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വരും.
ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാൽ വാക്സിനെടുക്കാത്തവർ സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്‌യുന്നതിനോ താൽകാലിക വർക്ക് ഫ്രം ഹോമിനോ അപേക്ഷിക്കണം. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കും.
നേരത്തെ ഗൂഗിളും വാക്സിനെടുക്കാത്ത ജീവനക്കാർക്കെതിരെ ഇത്തരം കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. ജനുവരി 18 ഓടെ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ 30 ദിവസത്തെ പെയ്‌ഡ് ലീവിൽ പ്രവേശിക്കാനാണ് ഗൂഗിളിന്റെ നിർദേശം. അത് കഴിഞ്ഞാൽ ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയെടുക്കേണ്ടി വരും. എന്നിട്ടും വാക്സിനെടുത്തില്ലെങ്കിൽ കമ്പനിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌യും.
Content Highlights: Facebook, Covid Booster dose, Vaccination, Meta, Work from Home