കൊച്ചി: വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മാഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന പോലീസ് നിർദ്ദേശത്തെ തുടർന്നാണിത്.
ചൊവ്വാഴ്ച ചേർന്ന കോളേജ് കൗൺസിൽ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയേയും കോളേജ് കൗൺസിൽ നിയോഗിച്ചു. ഡോ. എ.പി. രമ കൺവീനറും ഡോ. അബ്ദുൾ ലത്തീഫ്, വിശ്വമ്മ പി.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാവും പരാതികൾ അന്വേഷിക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും ലോ കോളേജിലും സെന്റ് തെരേസാസ് കോളേജിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘർഷത്തിൽ 11 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. 10 കെ.എസ്.യു. പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ. പ്രവർത്തകനുമാണ് പരിക്കേറ്റത്. തലയ്ക്കും പുറത്തും പരിക്കേറ്റ ഒരു കെ.എസ്.യു. പ്രവർത്തകനെയും എസ്.എഫ്.ഐ. പ്രവർത്തകനെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ പ്രകടനം നടത്തിയതിന് പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഹാരാജാസ് കോളേജിലും സംഘർഷമുണ്ടായത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽനിന്ന് വൻ പോലീസ് സന്നാഹം കോളേജ് പരിസരത്ത് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
Content Highlights :Maharajas College and hostel closed for two weeks