സാൻഫ്രാൻസിസ്കോ: എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന്റെ സ്ഥാപകനായ മോക്സി മർലിൻ സ്പൈക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു. ഫേസ്ബുക്ക് ഏറ്റെടുക്കുന്നതിന് മുമ്പ് വാട്സാപ്പിന്റെ നേതൃനിരയിലുണ്ടായിരുന്നയാളും വാട്സാപ്പിന്റെ സഹസ്ഥാപകനുമായ ജാക്ക് കോം സിഗ്നലിന്റെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കും.
“സിഗ്നലിന്റെ അതിരുകളില്ലാത്ത സാധ്യതകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പുതിയ ഊർജവും പ്രതിബദ്ധതയും ഉള്ള ഒരാളെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. ഏറെ മനഃസുഖത്തോടുകൂടി തന്നെയാണ് ഞാൻ സിഇഒ സ്ഥാനം മാറുന്നത്.” തിങ്കളാഴ്ച മർലിൻ സ്പൈക്ക് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്സാപ്പിനെ കുറിച്ച് ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് സിഗ്നലിന് ജനപ്രീതി വർധിച്ചത്.
ജനങ്ങൾ സിഗ്നലിൽ മൂല്യവും മനസമാധാനവും (അവർക്ക് വേണ്ടി നിർമിച്ച സാങ്കേതിക വിദ്യയാണ്, ഡാറ്റയ്‍ക്ക് വേണ്ടിയല്ല) കണ്ടെത്തുന്നുവെന്നും അവിടെ തന്നെ തുടരാൻ തയ്‌യാറാവുന്നുവെന്നും മർലിൻസ്പൈക്ക് പറഞ്ഞു.
സ്വകാര്യതയും സമാധാനവും തേടി ഇന്ത്യയിലും നിരവധിയാളുകൾ സിഗ്നൽ ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പ് വ്യാപകമായി ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ആളുകൾ വ്യാപകമായി സിഗ്നലിലേക്ക് ചേക്കേറാൻ തുടങ്ങിയത്. 2014 ൽ തുടക്കമിട്ട സിഗ്നലിന് നാല് കോടി പ്രതിമാസ ഉപഭോക്താക്കളുണ്ട്.
സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഗ്നലിന്റെ ബോർഡ് അംഗമായി മർലിൻസ്പൈക്ക് തുടരും.
Content Highlights: Encrypted messaging app Signals CEO steps down