രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ആക്രമണങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്ന് ഇരു നേതാക്കളും പറയുമ്പോഴും കെപിസിസി നേതൃമാറ്റത്തിനു പിന്നാലെ കേരളത്തിലുണ്ടാകുന്ന ആക്രമണ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. അതേസമയം, പോലീസിനേയും സർക്കാരിനേയും പ്രതിക്കൂട്ടിൽ നിർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
അക്രമസംഭവങ്ങളിൽ, പോലീസ് ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്നുവെന്നാണ് തിരുവഞ്ചൂർ ആരോപിക്കുന്നത്. എന്നാൽ കേരളത്തിൽ അക്രമ സംഭവങ്ങൾ വർധിച്ചു വരികയാണെന്നും അതിൽ ഒന്നു മാത്രമാണ് ധീരജിന്റെ കൊലപാതകം എന്നുമാണ് സുധീരന്റെ അഭിപ്രായം. അക്രമിക്ക് ഒരു നിറം മാത്രമാണുള്ളതെന്നും അക്രമി, അക്രമി മാത്രമാണെന്നും സുധീരൻ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് ഇടുക്കി സംഭവം മങ്ങലേൽപ്പിക്കില്ലേ എന്ന തിരുവഞ്ചൂരിനോടുള്ള ചോദ്യത്തിന്, “അക്രമ രാഷ്ട്രീയം ഒരു രാഷ്ട്രീയ പാർട്ടിയുടേയും പ്രഖ്യാപിത നയമല്ലല്ലോ. ആ ഒരു പ്രത്യേക നിമിഷത്തിലാണ് അക്രമം ഉണ്ടാകുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേ ചോദ്യം വി എം സുധീരനോട് ആവർത്തിച്ചപ്പോൾ, അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിന് ഇടുക്കി സംഭവം മങ്ങലേൽപ്പിക്കില്ലെന്നായിരുന്നു പ്രതികരണം. അതേസമയം ഇടുക്കി സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും സുധീരൻ വ്യക്തമാക്കി.
“കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്ര രക്തസാക്ഷികളുണ്ടെന്ന് മാധ്യമങ്ങൾ പരിശോധിക്കുക. മഹാ ഭൂരിപക്ഷം വരുന്ന കലാശാല അക്രമങ്ങളിൽ രക്തസാക്ഷികളായവർ കെ എസ് യുക്കാരാണ്. ഒരിക്കലും കെ എസ് യുക്കാർ കത്തിയെടുത്ത് എസ്എഫ്ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രം കേരളത്തിലെ ഒരു കോളേജുകളിലും ഉണ്ടായിട്ടില്ലെന്ന് നെഞ്ചത്ത് കൈ വെച്ച് എനിക്ക് പറയാൻ സാധിക്കും.” എന്നായിരുന്നു കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ സുധാകരന്റെ വാദത്തിന് മറുപടിയുമായി എം വിജിൻ എംഎൽഎ രംഗത്തെത്തി. എസ്എഫ്ഐയുടെ ആക്രമണത്തിൽ കേരളത്തിൽ ഇതുവരെ ഒരു വിദ്യാർത്ഥിയും കൊല്ലപ്പെട്ടിട്ടില്ലെന്നും കൊല്ലപ്പെട്ട വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എസ്എഫ്ഐക്കാരാണെന്നും വിജിൻ ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസ് ചർച്ചയിലായിരുന്നു വിജിന്റെ പ്രതികരണം.
അൻപത് വർഷത്തെ വിദ്യാർത്ഥികൾക്കിടയിലെ പ്രവർത്തനങ്ങൾക്കിടെ എസ്എഫ്ഐക്ക് 33 പ്രവർത്തകരെയാണ് നഷ്ടമായതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹിം അടുത്തയിടെ വ്യക്തമാക്കിയിരുന്നു. എ കെ ആന്റണിക്കുള്ള മറുപടിയായാണ് റഹിം ഇക്കാര്യം വ്യക്തമാക്കിയത്. ധീരജ് കൊല്ലപ്പെട്ടതോടെ ഒരാളുടെ പേരുകൂടി ഈ പട്ടികയിലേക്ക് ചേരുകയാണ്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉണ്ടാക്കാൻ വേണ്ടി ഇതുപോലുള്ള നടപടികൾ പല കോളേജുകളിലും നടക്കുന്നുണ്ട്. അതിൽ പലയിടങ്ങളിലും പോലീസ് കാഴ്ചക്കാരായി നിൽക്കുന്നതിനാലാണ് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയാതെ പോകുന്നത്. പോലീസ് ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുകയാണ്. നിക്ഷ്പക്ഷമായി ഇടപെടുന്നതിനുള്ള നടപടിയാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. രാഷ്ട്രീയ കക്ഷികൾ അക്രമത്തെ നിരുത്സാഹപ്പെടുത്തണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ സമാധാനത്തോടെ നടത്താൻ കഴിയണം. ചിലയിടങ്ങളിൽ കയ്യൂക്കുള്ളവർ കാര്യക്കാരൻ എന്ന മട്ടിൽ പോകുകയാണ്. യഥാർത്ഥ സമയത്ത് പ്രശ്നങ്ങൾ പോലീസിനെ അറിയിക്കാൻ കോളേജ് അധികാരികൾ തയ്യാറാകുന്നില്ല. കാമ്പസുകളിലെ സമാധാനത്തിനുവേണ്ടി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണം- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഇടുക്കിയിലെ സംഭവത്തെ വളരെ ശക്തമായി അപലപിക്കുകയാണെന്ന് സുധീരൻ പറഞ്ഞു. നമ്മുടെ കാമ്പസുകൾ അക്രമ വിമുക്തമായി മാറുകയെന്നത് ആ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും കുട്ടികളുടെ ഭാവിക്കും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് അക്രമം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല. അക്രമം ഏത് ഭാഗത്തു നിന്നും ഉണ്ടായാലും കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇതൊരു അവസരമായി എടുത്ത് ഇന്നലെ വ്യാപകമായ അക്രമം അഴിച്ചു വിടുന്ന സാഹചര്യം ഉണ്ടായി. രാഷ്ട്രീയ കൊലപാതങ്ങളും അക്രമങ്ങളും വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞു അവരുടെ പതിനഞ്ചോളം പ്രവർത്തകർ കൊല്ലപ്പെട്ടു എന്ന്. കോൺഗ്രസിന്റെ എത്രയോ പ്രവർത്തകർ കൊല്ലപ്പെട്ടിരിക്കുന്നു. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അങ്ങനെ എത്രയോ ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്. അതുപോലെ ബിജെപിയുടെ പ്രവർത്തകരും കൊല്ലപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. അക്രമിക്ക് ഒറ്റ നിറമേയുള്ളൂ. അക്രമി അക്രമിതന്നെയാണ്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ഒരു അക്രമിയും രക്ഷപെടാൻ പാടില്ല- സുധീരൻ സമയം മലയാളത്തോട് വ്യക്തമാക്കി.