മനാമ> രണ്ടു വര്ഷത്തിനുശേഷം സൗദിയിലെ പ്രൈമറി സ്കൂളുകളിലും നഴ്സറികളിലും വ്യക്തിഗത ക്ലാസുകള് പുനരാരംഭിക്കുന്നു. ഈ മാസം 23ന് ക്ലാസുകള് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള് അറിയിച്ചു. ആഗസ്ത് അവസാനത്തോടെ പുതിയ അധ്യയന വര്ഷം ആരംഭിച്ചതോടെ ഇന്റര്മീഡിയറ്റ്, സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥികള്ക്ക് ക്ലാസ് പുനരാരംഭിച്ചിരുന്നു. എന്നാല്, പ്രൈമറി, നഴ്സറി വിദ്യാര്ത്ഥികൾക്കുള്ള ക്ലാസ് ആരംഭിച്ചിരുന്നില്ല.
സ്കൂളുകള് തുറന്നത് നല്കിയ വിജയവും എല്ലാവരും സാമൂഹിക പ്രതിരോധ ശേഷി കൂടുതലായി ആര്ജ്ജിച്ചതുമാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് മന്ത്രാലയങ്ങള് വിശദീകരിച്ചു. തീരുമാനം സൗദിയിലെ വിദേശ സ്കൂള് അടക്കം എല്ലാ സ്കൂളുകള്ക്കും ബാധകമാണ്. എല്ലാ വിദ്യാര്ഥികളും ക്ലാസില് ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല് സ്കൂളില് പോകാന് കഴിയാത്തവര്ക്ക് മാത്രമായിരിക്കും ഓണ്ലൈന് ക്ലാസെന്നും അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്ബന്ധമാക്കിയിരുന്നു.