കണ്ണൂർ: അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കേരളത്തിലെ അക്രമസംഭവങ്ങളിൽ മറ്റൊരു പാർട്ടിയേയും കുറ്റപ്പെടുത്താൻ ധാർമികമായ അവകാശമില്ലെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലാലയങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെഎസ്യു പ്രവർത്തകർ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് പോലും എസ്എഫ്ഐക്കാർ മരിച്ചുവീണിട്ടില്ല. ആ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആർക്കാണെന്നും കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കി എസ്എഫ്ഐ മാറ്റിയത് കോടിയേരിയുടെയും പിണറായിയുടെയും നയത്തിന്റെ ഫലമാണോയെന്നും സുധാകരൻ ചോദിച്ചു.
സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലേയും ഹോസ്റ്റലുകൾ എസ്എഫ്ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ഓഫീസാക്കിമാറ്റിയിരിക്കുന്നു. കഴിഞ്ഞ ദിവസം അക്രമണം നടന്ന ഇടുക്കിയിലെ കോളേജിലെ ഹോസ്റ്റലും എസ്എഫ്ഐയുടെ കസ്റ്റഡിയിലും നിയന്ത്രണത്തിലുമാണ്. കേരളത്തിലെ മൊത്തം അക്രമത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒന്ന് താരത്യം ചെയ്താൽ ഇരുപാർട്ടികളും എവിടെയാണെന്ന് അറിയാം.
കലാപത്തിന്റെ കത്തി ആദ്യം താഴെ വയ്ക്കേണ്ടത് സിപിഎമ്മാണ്. കോൺഗ്രസ് കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയിലെ കേളേജിൽ നടന്ന കൊലപാതകത്തെയും കോൺഗ്രസ് ശക്തിയുക്തം അപലപിക്കുന്നു. സാഹചര്യത്തെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ച് പ്രതികരിക്കും.
അരുംകൊല രാഷ്ട്രീയം കോൺഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആ ആക്ഷേപവും കിരീടവും ഏറ്റവും അനുയോജ്യം പിണറായിയുടെയും കോടിയേരിയുടെയും തലയിലാണ്. അത് അവിടെതന്നെ വെച്ചാൽ മതി തന്റെ തലയിൽവയ്ക്കാൻ നോക്കേണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
content highlights:K Sudhakarans statement against CPM in Dheeraj murder case