ജെയിംസ് വെബ് ദൂരദർശിനി വിന്യസിക്കുന്നത് വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ച ദൂരദർശിനിയുടെ പ്രധാന കണ്ണാടി കൂടിതുറന്നു. ദൂരദർശിനി വിന്യസിക്കുന്നതിന്റെ അവസാന ഘട്ടമായിരുന്നു ഇത്. രണ്ടാഴ്ചയെടുത്താണ് ദൂരദർശിനിയുടെ വിന്യാസം പൂർത്തിയാക്കിയത്.
ഇതിനകം 9.66 ലക്ഷം കിലോമീറ്റർ ശൂന്യാകാശത്ത് യാത്ര ചെയ്തിട്ടുണ്ട്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശ ദൂരദർശിനിയാണിത്. ആരിയൻ 5 വിക്ഷേപണ റോക്കറ്റിൽ ദൂരദർശിനിയെ മടക്കിയൊതുക്കിയാണ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞത് മുതൽ ഓരോ ഭാഗങ്ങളായി നിവർത്തുന്ന ജോലിയിലായിരുന്നു ഗവേഷകർ.
ടെന്നീസ് കോർട്ടിന്റെ വലിപ്പമുള്ള സൺഷീൽഡും സെക്കൻഡറി മിററും നേരത്തെ തുറന്നിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രധാന കണ്ണാടി തുറക്കുന്ന ജോലികൾ ആരംഭിച്ചത്. പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്നുള്ള പ്രകാശം പിടിച്ചെടുക്കുകയാണ് ഈ വലിയ കണ്ണാടിയുടെ ജോലി. സ്വർണം പൂശിയ 18 ഭാഗങ്ങളാണ് ഈ കണ്ണാടിയ്‍ക്കുള്ളത്. കണ്ണാടിയുടെ ആദ്യ പാനൽ വെള്ളിയാഴ്ചയാണ് തുറന്നത് അഞ്ചര മണിക്കൂറോളം എടുത്തു ഇതിന്.
ശനിയാഴ്ചയാണ് രണ്ടാമത്തെ പാനൽ തുറന്നത്. ഇപ്പോൾ 6.5 മീറ്റർ വ്യാസമുള്ള കണ്ണാടി പൂർണമായി തുറന്നുകഴിഞ്ഞു.
മുൻ നാസ അഡ്മിനിസ്ട്രേറ്ററുടെ പേരാണ് ഈ ദൂരദർശിനിയ്‍ക്ക് നൽകിയിരിക്കുന്നത്. ഇതിന് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഇനിയും 6.43 ലക്ഷം കിലോമീറ്ററിലേറെ ദൂരദർശിനിയ്‍ക്ക സഞ്ചരിക്കാനുണ്ട്. ഉപകരണങ്ങൾ ശരിയായി ക്രമീകരിക്കാൻ വീണ്ടും അഞ്ചോ ആറോ മാസങ്ങളെടുക്കും.
പ്രപഞ്ചത്തിലെ ഗാലക്സികളെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമുള്ള പഠനങ്ങൾക്ക് ഒട്ടേറെ വിവരങ്ങൾ ഈ ദൂരദർശിനിയിലൂടെ ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നക്ഷത്രങ്ങൾ രൂപമെടുക്കുന്നതിനെ കുറിച്ചും മറ്റ് ഗ്രഹങ്ങളിലെ ജീവ സാധ്യതയെ കുറിച്ചുമെല്ലാം ജെയിംസ് വെബ് ടെലിസ്കോപ് പഠിക്കും.
Content Highlights: Nasa engineers complete the unfolding of the James Webb space telescope