സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വിറ്റ്സർലണ്ടിൽ സൈനികർ വാട്സാപ്പ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. പകരം ത്രീമ എന്ന പേരിലുള്ള എൻക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിർദേശം.
വാട്സാപ്പിനെ കൂടാതെ സിഗ്നൽ, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു.എസ്. ക്ലൗഡ് ആക്റ്റ് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയിൽ പെടുന്ന കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ അമേരിക്കൻ അധികൃതർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് സൈന്യം മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.
സ്വിറ്റ്സർലണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ത്രീമ എന്ന സേവനത്തിന് അമേരിക്കൻ നിയമങ്ങൾ ബാധകമാവില്ല. മാത്രവുമല്ല, യൂറോപ്യൻ യൂണിയന്റെ ജി.ഡി.പി.ആർ. നിയമങ്ങൾ പാലിച്ചാണ് ത്രീമ പ്രവർത്തിക്കുന്നത്. സ്വിറ്റ്സർലണ്ടിൽ 16-64 പ്രായക്കാർക്കിടയിൽ വലിയ ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്.
വിദേശ മൊബൈൽ ആപ്ലിക്കേഷനുകൾ സൈനികർ ഉപയോഗിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന ആശങ്ക ഇന്ത്യയും ഉയർത്തിയിരുന്നു. 2020-ൽ ഒരു കൂട്ടം ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനൊപ്പം ഫേസ്ബുക്ക്, പബ്ജി, സൂം, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക്‍ടോക്ക് പോലുള്ള 89 ആപ്ലിക്കേഷനുകൾ ഫോണിൽനിന്ന് നീക്കം ചെയ്‌യണമെന്നും സൈനികർക്ക് ഇന്ത്യ നിർദേശം നൽകിയിരുന്നു.
സൈനികർക്ക് വേണ്ടി ആർമി സെക്യൂർ ഇൻഡീജിനസ് മെസേജിങ് ആപ്ലിക്കേഷൻ അഥവ അസിഗ്മ (ASIGMA) എന്ന പേരിൽ ഒരു മെസേജിങ് ആപ്ലിക്കേഷൻ ഇന്ത്യൻ സൈന്യം പുറത്തിറക്കിയിട്ടുണ്ട്. സൈനികരുടെ ആഭ്യന്തര നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കൂ.
Content Highlights: Swiss army bans WhatsApp use over security concerns