വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയാ സംരംഭം ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയാ ആപ്പ് പുറത്തിറക്കാൻ പോവുന്നു. ഫെബ്രുവരി 21 ന് ആപ്പ് പുറത്തിറക്കുമെന്നാണ് ആപ്പിൾ സ്റ്റോർ ലിസ്റ്റിങിനെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌യുന്നത്.
ട്വിറ്ററിന് ബദൽ എന്ന നിലയിലാണ് ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ഫെബ്രുവരി 21-ന് യു.എസ്. പ്രസിഡന്റ്സ് ഡേ അവധി ദിനമാണ്. പുറത്തിറക്കുന്നതിന് മുന്നോടിയായി ആപ്പ് മുൻകൂർ ബുക്ക് ചെയ്‌യാനും സാധിക്കും.
ട്വിറ്ററിന് സമാനമായി ട്രൂത്ത് സോഷ്യൽ ആപ്പിൽ ഉപഭോക്താക്കൾക്ക് മറ്റ് വ്യക്തികളെയും ട്രെൻഡിങ് ടോപ്പിക്കുകളും ഫോളോ ചെയ്‌യാൻ സാധിക്കും. ട്വീറ്റ് എന്നതിന് പകരം ട്രൂത്ത് എന്ന പേരിലാണ് ഇതിലെ പോസ്റ്റുകൾ വിളിക്കപ്പെടുക.
ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് ട്രംപി സോഷ്യൽ മീഡിയാ സേവനങ്ങളിൽ നിരന്തരം പോസ്റ്റുകളിട്ടിരുന്നു. അതിന് പിന്നാലെ ജനുവരി ആറിന് യു.എസ്. കാപ്പിറ്റോളിലുണ്ടായ അക്രമസംഭവങ്ങളും നടന്നു.
അക്രമ സംഭവങ്ങൾക്ക് ട്രംപിന്റെ പ്രസ്താവനകൾ കാരണമായെന്നും, ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും കാണിച്ച് മുൻനിര സോഷ്യൽ മീഡിയാ സേവനങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ട്രംപിന്റെ അക്കൗണ്ടിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
അതേസമയം ട്രൂത്ത് സോഷ്യൽ പുറത്തിറക്കുന്ന തീയതിയുമായി ബന്ധപ്പെട്ട് മാതൃസ്ഥാപനമായ ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പ് (ടി.എം.ടി.ജി.) ഔദ്യോഗിക പ്രസ്താവനകൾ ഇറക്കിയിട്ടില്ല.
ടി.എം.ടി.ജിയുടെ ആദ്യ ഘട്ട പദ്ധതിയാണ് സോഷ്യൽമീഡിയാ സേവനം. ഇത് കൂടാതെ, ടി.എം.ടി.ജി. പ്ലസ് എന്ന പേരിൽ ഒരു സബ്സ്ക്രിപ്ഷൻ അധിഷ്ടിത സ്ട്രീമിങ് സേവനവും, വാർത്താ പോഡ് കാസ്റ്റ് നെറ്റ് വർക്കുകൾക്കും തുടക്കമിടാൻ കമ്പനിയ്‍ക്ക് പദ്ധതിയുണ്ട്.
Content Highlights: Trump to launch his social media app in February