ഇറ്റലിയിലെ പോലീസ് തിരയുന്ന ഗുണ്ടാ നേതാവും കൊലപാതകക്കേസ് പ്രതിയുമായ ജിയോചിനോ ഗാമിനോ മാഡ്രിഡിനടുത്തുള്ള ഗാലാപഗർ നഗരത്തിൽ നിന്ന് പോലീസ് പിടിയിലായി. വർഷങ്ങളായി വിവാഹം കഴിച്ച് മാനുവൽ എന്ന പേരിൽ പാചക്കാരനായും പഴവും പച്ചക്കറിയും വിറ്റിരുന്ന കട നടത്തിയും ഇവിടെ ജീവിക്കുകയായിരുന്നു ഗമിനോ.
2014 ൽ ഗമിനോയ്ക്കെതിരെ അറസ്റ്റ് വാറന്റ പുറത്തിറക്കി. വർഷങ്ങളായി പോലീസ് ഇയാളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഒടുവിൽ ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ സംവിധാനമാണ് 61 കാരനായ ഗമിനോയെ കുടുക്കിയത്.
തെരുവുകളുടെ 360 ഡിഗ്രി ദൃശ്യം കാണാനാകുന്ന സേവനമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഇതിന് വേണ്ടി പകർത്തിയ ദൃശ്യത്തിൽ ഗമിനോ തന്റെ കടയുടെ മുന്നിൽ നിന്ന് ആരോടോ സംസാരിക്കുന്നതും ഉൾപ്പെടുകയായിരുന്നു. ഗമിനോയുടെ ഇടത് കവിളിലെ മുറിപ്പാടാണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്.
ഡിസംബർ 17 നാണ് ഗമിനോ പിടിയാലയത്. എന്നാൽ ലാ റിപ്പബ്ലിക്കയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരുന്നത് വരെ ഈ വിവരം പുറത്തറിഞ്ഞില്ല.
സ്വദേശമായ സിസിലിയുമായുള്ള എല്ലാവിധ ബന്ധവും വിച്ഛേദിക്കാൻ ഗമിനോക്ക് സാധിച്ചിരുന്നു. അറസ്റ്റിന് ശേഷം ഗമിനോയുടെ പ്രധാന സംശയവും ഇത് തന്നെയായിരുന്നുവത്രെ.
പത്ത് വർഷമായി ബന്ധുക്കളെ പോലും ഞാൻ വിളിച്ചിട്ടില്ല. പിന്നെങ്ങനെ നിങ്ങളെന്നെ കണ്ടെത്തി?
1990കളിൽ സിസിലിയയിലുണ്ടായിരുന്ന മാഫിയാ ശൃംഖലയായ കോസ നോസ്ട്രയുമായി രക്തരൂക്ഷിതമായ സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന സിസിലിയിലെ അഗ്രിജെന്റോയിലുള്ള ഒരു മാഫിയ സംഘത്തിൽ പെട്ടയാളായിരുന്നു ഗമിനോ. ആന്റി-മാഫിയ ജഡ്ജിയായ ദിയോവാനി ഫാൽക്കോൺ നടത്തിയ അന്വേഷണത്തിൽ 1984 ലാണ് ഗമിനോ ആദ്യം പിടിയിലായത്. 1992 ൽ ഫാൽക്കോണിനെ മാഫിയ ഒരു കാർബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തുകയും ചെയ്തു.
Content Highlights: Italian mafia fugitive, Spain, Google Street View sighting