കുതിരാൻ > ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിൽ പാറ പൊട്ടിക്കുന്നതിനായി നടത്തിയ പരീക്ഷണ സ്ഫോടനം വിജയം. തൃശൂരിൽ നിന്നും കുതിരാൻ രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള റോഡ് നിർമാണത്തിന് പറ പൊട്ടിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണ സ്ഫോടനം നടത്തിയത്.
വെള്ളിയാഴ്ച പകൽ 2.44 നായിരുന്നു ആദ്യ സ്ഫോടനം. കുതിരാനിൽ രണ്ടാം തുരങ്കമുഖത്തിനടുത്ത് നിലവിലുള്ള റോഡിനോട് ചേർന്ന പാറക്കെട്ടുകളിലായിരുന്നു ആദ്യ സ്ഫോടനം. ഇതിനു മുന്നോടിയായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പായി പകൽ 2.42ന് ആദ്യ സൈറൻ മുഴക്കി. 2.44ന് ആദ്യ സ്ഫോടനം നടത്തി. സെക്കന്റുകൾ വ്യത്യസത്തിൽ അടുത്ത സ്ഫോടനവും നടന്നു. പിന്നീട് പഴയ റോഡിന്റെ വലതു വശത്തായും സ്ഫോടനം നടത്തി. 3.22ന് ആദ്യ സൈറൻ മുഴങ്ങി 3.28ന് രണ്ടാമത്തെ സൈറനും 3.30ന് സ്ഫോടനം നടന്നു. സ്ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങി.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്ഫോടനം നടക്കുന്ന സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർശം വരെയുള്ള ഭാഗത്ത് സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കി. റവന്യൂ മന്ത്രി കെ രാജൻ, ടി എൻ പ്രതാപൻ എം പി, കലക്ടർ ഹരിത വി കുമാർ, കമീഷണർ ആർ ആദിത്യ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
സ്ഫോടകവസ്തു ഉപയോഗിച്ചുള്ള പരീക്ഷണം വിജയം കണ്ടതോടെ വരുന്ന ദിവസങ്ങളിലും പാറ പൊട്ടിക്കൽ നടക്കും. ഏപ്രിൽ മാസത്തോടെ തുരങ്ക പാതയുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. രണ്ടാം തുരങ്കം തുറക്കുന്നതോടെ പാലക്കാട് ഭാഗത്തേക്കുള്ള പഴയ റോഡ് കുതിരാൻ ഭാഗത്ത് ഇല്ലാതാവും.