സ്മാർട്ഫോണിലെ സുരക്ഷാ സംവിധാനമായ ഫിംഗർപ്രിന്റ് സ്കാനർ അടുത്തകാലത്താണ് ഡിസ്പ്ലേയ്‍ക്കുള്ളിലേക്ക് വന്നത്. സ്ക്രീനിന്റെ താഴെ മധ്യഭാഗത്തായി ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറുകൾ സ്ഥാപിക്കാറ്. ഈ സ്ഥലത്ത് എന്തെങ്കിലും അടയാളവും കാണിക്കാറുണ്ട്.
എന്നാൽ പുതിയ ഫിംഗർപ്രിന്റ് സാങ്കേതിക വിദ്യയ്‍ക്ക് പേറ്റന്റ് നേടിയിരിക്കുകയാണ് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമി. ഇതുവഴി സ്ക്രീനിൽ എവിടെ സ്പർശിച്ചാലും ഫിംഗർപ്രിന്റ് സ്കാൻ ചെയ്‌യാൻ സാധിക്കും.
ഇതിന് വേണ്ടി സാധാരണ അമോലെഡ് ഡിസ്പ്ലേയ്‍ക്കും കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ പാളിയ്‍ക്കും താഴെയായി പ്രത്യേക ഇൻഫ്രാറെഡ് എൽഇഡി ലൈറ്റ് ട്രാൻസ്മിറ്ററുകൾ നൽകിയിട്ടുണ്ടാവും.
2020 ൽ ചൈന, യൂറോപ്പ്, യുഎസ്, ജപ്പാൻ, കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ മറ്റൊരു ചൈനീസ് ബ്രാൻഡായ വാവേ ഇതേ സാങ്കേതിക വിദ്യയ്‍ക്ക് വേണ്ടിയുള്ള പേറ്റന്റിന് അപേക്ഷിച്ചിരുന്നു.
ഇതിന് പുറമെ 20 മെഗാപിക്സലിനേക്കാൾ റസലൂഷൻ കൂടിയ ഒരു അണ്ടർ ഡിസ്പ്ലേ ക്യാമറയ്‍ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ഷാവോമിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏതെല്ലാം സ്മാർടഫോണുകളിലാണ് ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല.
ഷാവോമി മിക്സ് 4 ഫോണിലാണ് കമ്പനി ആദ്യമായി അണ്ടർ ഡിസ്പ്ലേ ക്യാമറ ഉപയോഗിച്ചത്. 20 എംപി ക്യാമറയായിരുന്നു ഇതിൽ. പുതിയ റസലൂഷൻ ഏറിയ ക്യാമറയിലൂടെ സാധാരണ സെൽഫി ക്യാമറയും അണ്ടർ ഡിസ്പ്ലേ ക്യാമറകളും തമ്മിലുള്ള പിക്ചർ ക്വാളിറ്റി വ്യത്യാസം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
Content Highlights: Xiaomi patents all-screen fingerprint scanner