സാൻഫ്രാൻസിസ്കോ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാം സമയക്രമത്തിൽ പോസ്റ്റുകൾ കാണിക്കുന്ന ഫീഡ് പരീക്ഷിക്കുന്നു. അതായത് ഫോളോ ചെയ്‌യുന്നവരുടെ പോസ്റ്റുകൾ അവർ പങ്കുവെക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കും. പുതിയ പോസ്റ്റുകൾ ആദ്യം കാണാൻ സാധിക്കും.
ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം ഫീഡിൽ ഹോം, ഫേവറൈറ്റ്സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും.
ഇതിൽ ഹോം ഫീഡ് നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് നിങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് ഇതിൽ കാണിക്കുക.
ഫേവറൈറ്റ്സിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാൻ ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകൾ കാണുന്നതിനുള്ളതാണ്.
ഫോളോയിങ് ഫീഡിൽ നിങ്ങൾ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തിൽ കാണിക്കുന്നയിടമായിരിക്കും.
ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫോട്ടോഷെയറിങ് സേവനമായി തുടങ്ങിയ ഇൻസ്റ്റാഗ്രാം ഇപ്പോൾ വീഡിയോ ഉള്ളടക്കങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. മുഖ്യമായും റീൽസ് വീഡിയോകൾക്ക്. ഇതിന്റെ ഭാഗമായി ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ സാധിക്കുന്ന മോണട്ടൈസേഷൻ ടൂളുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
Content Highlights: Instagram starts testing chronological feed