ഇന്ത്യയിൽ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുന്നതിനായി ഭാരതി എയർടെലും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ഹ്യൂഗ്സും സംയുക്ത സംരംഭത്തിന് തുടക്കമിടുന്നു. എച്ച്സിഐപിഎൽ (HCIPL) എന്നാണ് ഈ സംരംഭം അറിയപ്പെടുക. ഇരു കമ്പനികളുടെയും വെരി സ്മോൾ അപ്പേർചർ ടെർമിനൽ (വിസാറ്റ്) ബിസിനസുകൾ ഇതുവഴി സംയോജിപ്പിക്കും. ഇതുവഴി കൂടുതൽ ബൃഹത്തായ സാറ്റലൈറ്റ് കണക്റ്റിവിറ്റി എത്തിക്കാൻ കമ്പനിയ്‍ക്ക് സാധിക്കും.
ഈ സംയുക്ത സംരംഭത്തിന് ടെലികോം വകുപ്പിൽ നിന്നുൾപ്പെടയുള്ള എല്ലാവിധ അനുമതികളും ലഭിച്ചതായി കമ്പനിയുടെ വാർത്താകുറിപ്പിൽ പറഞ്ഞു.
ഇരു കമ്പനികളും കൈകോർക്കുന്നതോടെ ഇരു കമ്പനികളുടെയും വിസാറ്റ് ഉപഭോക്താക്കൾക്ക് ഇനി എച്ച്സിഐപിഎൽ ആണ് പിന്തുണ നൽകുക. ഇത്തരത്തിൽ രണ്ട് ലക്ഷത്തിലേറെ വിസാറ്റുകളാണുള്ളത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഉപഗ്രഹ സേവന ദാതാവായി എച്ച്സിഐപിഎൽ മാറും.
ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് സാങ്കേതിക വിദ്യകൾ, സൊല്യൂഷനുകൾ എന്നിവ നൽകുന്നതിനൊപ്പം സ്വകാര്യ സംരംഭങ്ങൾ, എയറോ നോട്ടിക്കൽ, കാർഷികം, സമുദ്ര ഗതാഗതം, ടെലികോം ഉൾപ്പടെയുള്ള മേഖലകളിലെ സർക്കാർ ഓഫീസുകൾക്കുള്ള സേവനങ്ങൾ എന്നിവയും എച്ച്സിഐപിഎൽ നൽകും.
ഇരു കമ്പനികളും കൈകോർക്കുന്നത് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് നേട്ടമാകുമെന്ന് എച്ച്സിഐപിഎൽ എംഡിയും പ്രസിഡന്റുമായ പാർത്ഥോ ബാനർജി പറഞ്ഞു.
എയർടെലിന്റെ പങ്കാളിത്തത്തോടെയുള്ള ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം വൺ വെബ് ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് വിവരം. എങ്കിലും വാണിജ്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിനാണ് വൺ വെബ് പ്രാധാന്യം നൽകുക. നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുക എന്ന സമീപനമായിരിക്കില്ല ഇന്ത്യയിലും ആഗോള വിപണിയിലും കമ്പനിയുടെത്.
Content Highlights: Bharti Airtel, Hughes Announce Joint Venture for satellite broadband in india