തൊടുപുഴ: സിപിഎമ്മിൽ നേരിടുന്ന അവഗണ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മറ്റിക്കും എസ്.രാജേന്ദ്രൻ കത്തയച്ചു. എംഎൽഎ ഹോസ്റ്റലിൽവെച്ച് പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എം.എം.മണി അപമാനിച്ചുവെന്ന് കത്തിൽ പറയുന്നു. ഭാര്യയേും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശം. എം.എം.മണി സമ്മേളനങ്ങളിൽ പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നും കത്തുകളിൽ രാജേന്ദ്രൻ വ്യക്തമാക്കുന്നു.
എസ്. രാജേന്ദ്രൻ പലഘട്ടങ്ങളിലായി പാർട്ടിക്ക് നൽകിയ കത്തുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിലൊന്ന് എസ്.രാജേന്ദ്രൻ പാർട്ടിക്ക് നൽകിയ വിശദീകരണമാണ്. അതിൽ ചില ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്. അതോടൊപ്പം സംസ്ഥാന നേതൃത്വത്തിനും എസ്. രാജേന്ദ്രൻ കത്ത് നൽകിയിരുന്നു. ജില്ലാ നേതൃത്വത്തിന് പലതവണ കത്ത് നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്.
പാർട്ടിയിൽ നിന്ന് അപമാനിച്ച് പറത്താക്കാൻ ശ്രമം നടക്കുന്നു എന്നതാണ് പ്രധാനമായും എസ്. രാജേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം.മണിയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായി. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ വെച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഭാര്യയേയും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരുന്നുകൊള്ളണമെന്ന് മണി പറഞ്ഞുവെന്നാണ് കത്തിൽ പറയുന്നത്.
പരസ്യമായി അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ് ഉണ്ടായത്. സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോഴും സമാന സാഹചര്യം ഉണ്ടാകുമെന്ന് തോന്നി. അതുകൊണ്ടാണ് താൻ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന വിശദീകരണമാണ് അദ്ദേഹം സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്. കെ.കെ. ജയചന്ദ്രൻ എസ്. രാജേന്ദ്രനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അങ്ങനെ ശ്രമിച്ചാൽ തന്റെ സ്വഭാവം മാറുമെന്ന് എംഎം മണി പറഞ്ഞു എന്നതടക്കം ചില പരാമർശങ്ങൾ കത്തിലുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശി തന്നെ ഒതുക്കാൻ എല്ലാ ഘട്ടത്തിലും ശ്രമിക്കുന്നുവെന്ന ആരോപണവും രാജേന്ദ്രൻ കത്തിൽ ഉയർത്തുന്നു. എറ്റവും ഒടുവിൽ മൂന്നാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ വേദിയിൽവെച്ച് തന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി തന്നെ മാറ്റി നിർത്താനുള്ള ശ്രമം നടത്തി. എന്നാൽ ഈ സംഭവം ചിത്രീകരിച്ച് സിഡിയായി ഇറക്കിയെന്ന ആരോപണം എസ്. രാജേന്ദ്രൻ തള്ളുന്നുണ്ട്.
Content Highlights:S Rajendran against MM Mani