ദുബായ് > യുഎഇയിൽ വെള്ളിയാഴ്ച ആരംഭിച്ച മഴ മൂന്നുദിവസം പിന്നിട്ടിട്ടും തുടരുന്നതിനാൽ അസ്ഥിര കാലാവസ്ഥ ആണുള്ളത്. പലഭാഗങ്ങളിലും ഇടിയോടുകൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടായി. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഒന്നര വർഷം ലഭിക്കുന്ന മഴയാണ് യു എ ഇ യിൽ ലഭിച്ചത്. ഒരു വർഷം ശരാശരി 100 മില്ലിമീറ്റർ മഴയാണ് യുഎഇയിൽ ലഭിക്കുന്നത്.
സെയ്ഹ് അൽ സലാമിൽ സ്ഥാപിച്ചിരിക്കുന്ന മഴമാപിനി 141.31 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് രേഖപ്പെടുത്തിയത്. അപ്രതീക്ഷിതമായ മഴയിൽ യുഎഇയിലെ പല ആഘോഷപരിപാടികളും അധികൃതർ റദ്ദാക്കിയിരുന്നു.
മഴ വെള്ളം കയറിയതിനെ തുടർന്ന് ഗ്ലോബൽ വില്ലേജ് അടച്ചിട്ടു. പല എമിറേറ്റുകളിലും മഴ വെള്ളം കയറി നിരത്തുകൾ ഗതാഗത യോഗ്യമല്ലാതെയായി. കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഷാർജ എമിറേറ്റിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ പൊതുനിരത്തിൽ കുടുങ്ങി കിടന്നത്. മഴ വെള്ളം കയറി എഞ്ചിനുകൾ നിശ്ചലമായി പലയിടങ്ങളിലും വാഹനങ്ങൾ നിരത്തുവക്കിൽ കിടന്നു.
റിക്കവറി സർവീസുകളും മറ്റും ഉപയോഗിച്ചാണ് അവ നീക്കം ചെയ്തത്. വെള്ളക്കെട്ട് മൂലം പല റോഡുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. വെള്ളക്കെട്ട് നീങ്ങുന്നതനുസരിച്ചു റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തു കൊണ്ടിരിക്കുകയാണ്. വാഹനതിരക്കുള്ള ഷാർജയിലെ മലീഹ റോഡ് അടക്കമുള്ള പല റോഡുകളും ഇത്തരത്തിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
മൂടിക്കെട്ടിയ കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. അപ്രതീക്ഷിത മഴയുടെ ഭാഗമായി പലർക്കും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. അറേബ്യൻ കടലിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാരും, കടലിൽ പോകുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.