ആലപ്പുഴ: ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാനസെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ കൊലയാളികൾ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാർഡ്. വീട്ടമ്മയുടെ രേഖകൾ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേർന്ന് സിം കാർഡ് എടുക്കുകയായിരുന്നു. ഈ സിം കാർഡ് ഉപയോഗിച്ചാണ് കൊലയാളി സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നത്.തുടർന്ന്വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തു. ഇവർ പോലീസ് സ്റ്റേഷനിൽ ബോധരഹിതയായി വീണു.
പോലീസ് അന്വേഷണത്തിലാണ് കൊലയാളികൾ ഉപയോഗിച്ച സിം കാർഡ് വീട്ടമ്മയുടെ പേരിലാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് വീട്ടമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പോലീസ് സ്റ്റേഷനിലേക്കും വിളിപ്പിച്ചു. അപ്പോഴാണ് ഇവർ പോലീസ് സ്റ്റേഷനിൽ ബോധഹരിതയായി വീണത്. തുടർന്ന് ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇതൊടൊപ്പം കൊലയാളികൾ ഉപയോഗിച്ച മറ്റ് സിം കാർഡുകളും നിരപരാധികളായവരുടെ പേരിൽ എടുത്തവയാണെന്നാണ് വിവരം.
പുന്നപ്ര പഞ്ചായത്ത് മെമ്പറായ സുൾഫിക്കറാണ് തന്റെ പേരിൽ വ്യാജ സിം കാർഡ് എടുത്തതെന്ന് മൊബൈൽക്കട ഉടമ പോലീസ് സ്റ്റേഷനിൽ പറഞ്ഞെതെന്ന് വീട്ടമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രഞ്ജിത്തിന്റെ കൊലപാതികളികൾ ഈ സിം ആണ് ഉപയോഗിച്ചതെന്നും ഇതേ തുടർന്നാണ് പോലീസ് തന്നെ തേടി വന്നതെന്നും അവർ പറഞ്ഞു. രണ്ട് മൂന്ന് തവണ ചോദ്യം ചെയ്തുവെന്നും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും വീട്ടമ്മ പറഞ്ഞു.
ഇതിനിടെ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ടുപങ്കുള്ള രണ്ടുപേരടക്കം മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരും പ്രധാനപ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ആലപ്പുഴ നഗരത്തിലെ മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സുഹൈലും (24) ആണ് അറസ്റ്റിലായത്. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പിടിയിലായവരുടെ പേരും വിലാസവും വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടിച്ചത്. അറസ്റ്റിലായ മുഖ്യപ്രതികളടക്കമുള്ളവരുടെ തിരിച്ചറിയൽ പരേഡ് നടത്താനുണ്ട്. രഞ്ജിത്ത് വധത്തിൽ 12 പേർക്കാണ് നേരിട്ടു പങ്ക്.
Content Highlights:Ranjith Srinivasan murder case; Accusedused fake SIM cards