കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് ഇന്ത്യയിലെ ജനങ്ങൾ വേഗത കൂടിയ ഇന്റർനെറ്റ് എന്താണെന്ന് അനുഭവിച്ച് തുടങ്ങിയത്. വേഗത കൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ശൃംഖല രാജ്യ വ്യാപകമായി സ്ഥാപിക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി. ഇന്ന് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിക്കുന്ന കാലമാണ്. എല്ലാ പ്രായത്തിലുള്ളവരും യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സാപ്പുമെല്ലാം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.
ഇന്റർനെറ്റ് ഇന്ന് പല വഴിയെയാണ് നമ്മുടെ ഉപകരണങ്ങളിലേക്ക് എത്തുന്നത്. മൊബൈൽ ടവറുകൾ വഴിയും, പൊതുവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈഫൈ റൂട്ടറുകൾ വഴിയും, ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ ഇന്റർനെറ്റ് വിതരണം നടക്കുന്നു. എന്നാൽ ഈ പരമ്പരാഗത രീതികളിൽ നിന്ന് മാറി ബഹിരാകാശത്തെ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് വിതരണം ചെയ്‌യുന്ന രീതി പ്രചാരത്തിൽ വരാൻ പോവുകയാണ്.
ഉപഗ്രഹ ഇന്റർനെറ്റ്
ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് എത്തുന്ന ഇന്റർനെറ്റ് ആണിത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാർലിങ്ക്, വൺ വെബ്, പ്രൊജക്‍ട് കുയ്പർ പോലുള്ള സ്ഥാപനങ്ങൾ അടുത്തകാലത്തായി രംഗത്തുവന്ന ഉപഗ്രഹ ഇന്റർനെറ്റ് സേവനതാദാക്കളാണ്. 1962 ൽ ബെൽ ലാബ്സ് വികസിപ്പിച്ച ടെൽസ്റ്റാർ ഉപഗ്രഹത്തിൽ തുടങ്ങി ഇന്റർനെറ്റ് എത്തിക്കുന്നതിനായി നിരവധി ഉപഗ്രഹങ്ങൾ വിക്ഷപിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾകൊണ്ട് അമേരിക്ക, യുകെ പോലുള്ള നാടുകളിൽ വിവിധ കമ്പനികൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. വിയാസാറ്റ്, എക്സെഡ്, എക്കോസ്റ്റാർ, ഹ്യൂഗ്സ് നെറ്റ്, യുടെൽസാറ്റ്, സ്റ്റാർലിങ്ക് എന്നിവ അതിൽ ചിലതാണ്. ഇതിൽ സ്റ്റാർ ലിങ്കാണ് ഉപഗ്രഹ ഇന്റർനെറ്റ് സേവന രംഗത്തേക്ക് ഒടുവിൽ പ്രവേശിച്ച കമ്പനികളിൽ ഒന്ന്. അടുത്തകാലത്തായി വാർത്തകളിൽ നിറയുന്നതും ഈ കമ്പനിയാണ്.
ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബാഹിരാകാശ ഗവേഷണ സ്ഥാപനം കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഭൂമിയോടടുത്ത് ബഹിരാകാശത്ത് പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങൾ വിന്യസിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. ഇതിനകം 1800 ലേറെ ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ഡിഷ് ആന്റിനയും, റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയിൽ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാകും. പരമ്പരാഗത രീതിയിൽ കേബിൾ വലിക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റർനെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റിൽ 100 എംബിയ്‍ക്കും 200 എംബിയ്‍ക്കും ഇടയിൽ ഡൗൺലോഡ് വേഗത സ്റ്റാർലിങ്ക് ഉറപ്പുനൽകുന്നുണ്ട്. 20 മില്ലിസെക്കന്റിൽ താഴെ ലേറ്റൻസിയിലുള്ള മികച്ച നെറ്റ് വർക്കാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്‌യുന്നത്.
ഉപഗ്രഹ ഇന്റർനെറ്റ് ജനകീയമാവുമോ?
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിലവിൽ പരമ്പരാഗത സാങ്കേതിക വിദ്യകളാണ് ബ്രോഡ്ബാൻഡ് കണക്ഷന് വേണ്ടി ഉപയോഗിച്ചുവരുന്നത്. ഫൈബർ ടു ദി ഹോം (എഫ്ടിടിഎച്ച്) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ടെലികോം കമ്പനികൾ വ്യാപകമായി രാജ്യത്തുടനീളം കേബിൾ വലിക്കുന്ന പ്രക്രിയയിലാണ്. പരമാവധി 100 എംബിപിഎസ് വേഗതയാണ് എഫ്ടിടിഎച്ച് വാഗ്ദാനം ചെയ്‌യുന്നത്. ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ ജിയോ വാഗ്ദാനം ചെയ്‌യുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാൻ 399 രൂപയുടെതാണ്.
READ MORE :
കോവിഡ് വ്യാപനം തുടങ്ങിയതോടെ പഠനാവശ്യങ്ങൾക്കും വർക്ക് അറ്റ് ഹോമിനുമായി നിരവധി വീടുകളിൽ ഇന്ന് ബ്രോഡ്ബാൻഡ് കണക്ഷനുണ്ട്. അതിവേഗ ഇന്റർനെറ്റിന് ഇത്ര ജനകീയത നേടുന്നതിനിടെയാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ ശാഖ ആരംഭിക്കുന്നത്. സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഇതുവരെ നേടിയിട്ടില്ല. പരമ്പരാഗത ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് ചെന്നെത്താൻ സാധിക്കാത്ത ഉൾനാടൻ പ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാർ ലിങ്ക് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസ് കിട്ടിയാൽ ഡിസംബറോടെ ഇന്ത്യയിൽ രണ്ട് ലക്ഷം കണക്ഷനുകൾ എത്തിക്കുമെന്നും കമ്പനി പറയുന്നു.
എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യ പോലുള്ള രാജ്യത്ത് ജനകീയമാവാൻ ഇനിയും സമയമെടുത്തേക്കും. അതിനുള്ള മുഖ്യകാരണം ഇതിന്റെ വില തന്നെയാണ്. 99 ഡോളറാണ് (7,425 രൂപ) സേവനം ബുക്ക് ചെയ്‌യുന്നതിനുള്ള നിരക്കായി ഇപ്പോൾ ഇടാക്കുന്നത്. എന്നാൽ ഇതിന് പുറമെ 499 ഡോളർ (37,428) ഡിഷ് ആന്റിന്, റൂട്ടർ ഉൾപ്പടെയുള്ള അനുബന്ധ ഉപകരണങ്ങൾക്കായി നൽകേണ്ടിവരും. ഇന്ത്യയിൽ എത്രയാണ് നിരക്ക് എന്നും ഇവിടുത്തെ പ്രവർത്തന മാതൃക ഏത് രീതിയിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള ബുക്കിങ് സ്വീകരിച്ചത് 99 ഡോളറിനാണ്.
ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ നിരക്കിൽ ഇന്റർനെറ്റ് കണക്ഷനെടുക്കുന്നത് ഒട്ടും ലാഭകരമല്ല. അതുകൊണ്ടു തന്നെ പ്രാരംഭവർഷങ്ങളിൽ സ്റ്റാർലിങ്ക് സേവനത്തിന് ജനകീയത ലഭിക്കാൻ സാധ്യത കുറവാണ്.
നേട്ടങ്ങൾ
- ചെലവ് ലാഭിക്കാം: ബ്രോഡ്ബാൻഡ് ശൃംഖല സ്ഥാപിക്കുന്നതിന് വേണ്ട കേബിളുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ആവശ്യമായ വൻ ചെലവ് ലാഭിക്കാം.
- കണക്ഷൻ പെട്ടെന്നെത്തും: കേബിൾ വലിക്കുന്നതിനും മറ്റും ആവശ്യമായ സമയം ലാഭിക്കാമെന്നതിനാൽ തന്നെ ആവശ്യക്കാർക്ക് ഇന്റർനെറ്റ് കണക്ഷൻ എത്തിക്കാനും ഉപകരണങ്ങൾ സ്ഥാപിക്കാനും വളരെ പെട്ടെന്ന് സാധിക്കും.
- ലോകത്തെവിടെയും അതിവേഗ ഇന്റർനെറ്റ്: ഭൂമിയിൽ ഏത് മേഖലയിലും കണക്റ്റിവിറ്റി എത്തും. ധ്രുവപ്രദേശങ്ങൾ, സമുദ്രങ്ങളിലെ എണ്ണക്കിണറുകൾ വന പ്രദേശങ്ങളിലെ ഫോറസ്റ്റ് ഓഫീസുകൾ, പർവതമേഖലകൾ ഉൾപ്പടെയുള്ള മേഖലകളിൽ പാരിസ്ഥിതിക ആഘാതമില്ലാതെ തന്നെ ഇന്റർനെറ്റ് എത്തിക്കാം.
- ഒന്നിലധികം ഉപകരണങ്ങൾ: സാധാരണ ബ്രോഡ്ബാൻഡ് സേവനങ്ങളെ പോലെ തന്നെ ഏത് ഉപകരണത്തിലൂടെയും ഉപഗ്രഹ ഇന്റർനെറ്റ് ഉപയോഗിക്കാനാവും.
Content Highlights: satellite internet starlink india space x elon musk