ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 10 പ്രോയുടെ ലോഞ്ചിങ്ങിനെ കുറിച്ചുള്ള വാർത്തകൾ ചർച്ചയായിരിക്കുകയാണ്. വൺപ്ലസ് 10 പ്രോയുടെ ഔദ്യോഗിക ടീസർ വീഡിയോ ചോർന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
പുതുമയേറിയ രൂപകൽപ്പന, വൺപ്ലസ് 9 ശ്രേണിയിലെ ക്യാമറയിലേത് പോലെ ഹാസൽ ബ്ലാഡ് എന്ന കമ്പനിയുമായി കൂടിച്ചേർന്ന് രൂപകൽപ്പന ചെയ്ത ക്വാഡ് ക്യാമറ സംവിധാനത്തോട് കൂടിയ പിൻ ക്യാമറ , കർവ്ഡ് ഡിസ്പ്ലേയുടെ മുകളിൽ ഇടത് വശത്തായി സിംഗിൾ സെൽഫി ക്യാമറ, മാറ്റ് ഫിനിഷോട് കൂടി കറുപ്പ്, പച്ച നിറങ്ങളിലെത്തുന്ന രണ്ട് മോഡലുകൾ എന്നിവയാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്ന സവിശേഷതകൾ.
ലോഞ്ചിങ് തീയതി 2022 ജനുവരി 11 എന്നും വീഡിയോയിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാൻ സാധിക്കുന്നു. പിൻ ക്യാമറ സെൻസറുകളിലൊന്നിൽ P2D 50T എന്ന് ആലേഖനം ചെയ്തിരിക്കുന്നത് കാണാം. നിലവിലുള്ള ഫോണുകളെക്കാൾ അധികമായ ക്യാമറ ഫീച്ചറുകൾ വൺപ്ലസ് 10 പ്രോയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
OnePlus 10 Pro Official Teaser Video.
&mdash Mayank Kumar ❂ (@MayankkumarYT)
വൺപ്ലസ് 10 പ്രോ ജനുവരിയിൽ വിപണിയിലെത്തുമെന്ന് ഇതിനോടകം തന്നെ സഹസ്ഥാപകൻ പീറ്റ് ലോ വെളിപ്പെടുത്തിയിരുന്നു. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോയിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം വൺപ്ലസ് 10 പ്രോയുടെ ലോഞ്ചിനെ കുറിച്ച് വ്യക്തമാക്കിയത്.
വൺപ്ലസ് 10 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ചതുരാകൃതിയിലുള്ള പിൻ ക്യാമറകളാകും ഫോണിലുണ്ടാവുക. വൺപ്ലസ് 9 പ്രോയിൽ ഉൾപ്പെടുത്തിയിരുന്ന സൂം സംവിധാനത്തോട് കൂടിയ 48 മെഗാപിക്സലിന്റെ പ്രൈമറി ലെൻസ് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റോഡ് കൂടിയ 6.7 ഇഞ്ച് ക്യുഎച്ഡി+ ഡിസ്പ്ലേയും, 12 ജിബി വരെ സപ്പോർട്ട് ചെയ്‌യുന്ന എൽപിഡിഡിആർ 5 റാം സംവിധാനം, 256 ജിബി സ്റ്റോറേജ് വരെ സപ്പോർട്ട് ചെയുന്ന യുഎഫ്എസ് 3.1, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്‌യുന്ന 5000mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രധാന സവിശേഷതകൾ. ഐപി68 റേറ്റിങ്ങോട് കൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 12 ഉം വൺപ്ലസിന്റെ തനത് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജൻ ഓഎസ് 12 ഉം ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022 ജനുവരി 5 ന് ലാസ്വെഗാസിൽ നടക്കുന്ന CES 2022ൽ വൺപ്ലസ് 10 സീരീസ് ലോഞ്ച് ചെയ്‌യാൻ ആസൂത്രണം ചെയ്‌യുന്നതായാണ് ലഭിക്കുന്ന വിവരം. എന്നാൽ ഔദ്യോഗികമായ ഒരു തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല. ചൈനയിലെ ലോഞ്ച് കഴിഞ്ഞാലുടൻ തന്നെ, 2022-ന്റെ ആദ്യ പാദത്തോടെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഫോൺ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights : OnePlus 10 Pro Official Looking Teaser Video Leaked