കോഴിക്കോട്: പാട്ടുപാടി, സുഖ – ദുഃഖങ്ങൾ പങ്കുവെച്ച് ഒരു കെ.എസ്.ആർ.ടി.സി ബസ്സിനെ കുടുംബാംഗത്തെ പോലെ കൂടെ കൂട്ടുകയാണ് കഴിഞ്ഞ ഒരു വർഷമായി ഒരു കുട്ടം യാത്രക്കാർ. യാത്രകൾക്കപ്പുറം വരുമാനത്തിനപ്പുറം സൗഹൃദക്കൂട്ടായ്മയും സന്നദ്ധ സേവനവുമെല്ലാം ഒരു ബസ്സിനെ കേന്ദ്രീകരിച്ചുണ്ടാവുമ്പോൾ കെ.എസ്.ആർ.ടി.സിയെ കുറിച്ചുള്ള മുൻധാരണയെ മാറ്റിമറിക്കുന്നു തൊട്ടിൽപ്പാലം – കോഴിക്കോട് ബോണ്ട് 2 സർവീസ്.
സ്ഥിരം യാത്രക്കാർ, സ്ഥിരം മുഖങ്ങൾ; ഓരോ യാത്രക്കാരന്റേയും ആഘോഷങ്ങളും സുഖവും ദുഃഖവുമെല്ലാം അവർ എല്ലാവരുടേതമായി. അവരുടെ ആഘോഷങ്ങൾ പലതും ബസ്സിനുള്ളിലേക്ക് മാറിയിട്ടും ഒരു വർഷത്തോളമായി. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്ന് രാവിലെ 7.50 ന് പുറപ്പെട്ട് പത്ത് മണിക്ക് മുന്നെ യാത്രക്കാരെ കോഴിക്കോട് എത്തിക്കുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5 മണിക്ക് കോഴിക്കോട് നിന്ന് തിരിച്ചും സർവീസ് നടത്തും.
കോഴിക്കോട്ടെ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ കോവിഡ് കാലത്ത് കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് തുടങ്ങിയതെങ്കിലും യാത്രക്കാരുടെ വലിയ കൊഴിഞ്ഞുപോക്കില്ലാതെ കഴിഞ്ഞ ഒരു വർഷക്കാലത്തോളം സർവീസിനെ നിലനിർത്തികൊണ്ടുപോവാനും ബന്ധപ്പെട്ടവർക്കായി. ഓഫീസുകൾക്കുള്ളിലെസമ്മർദ്ദങ്ങളും മാനസിക പിരിമുറക്കവുമെല്ലാം മാറാനുള്ള വഴിയായും ഈ ബസ് യാത്രയെ കാണുന്നു ഓരോരുത്തരും.
കോവിഡ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഓഫീസിന് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബോണ്ട്സർവീസ് കൊണ്ട് കോർപ്പറേഷൻ ലക്ഷ്യമിയാട്ടിരുന്നത്. രാവിലെയും വൈകീട്ടമായി രണ്ട് സർവീസുകൾ. മുൻകൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റെടുക്കണം. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോട് കൂടി പല സർവീസുകളും കോർപ്പറേഷൻ നിർത്തിയെങ്കിലും തൊട്ടിൽപ്പാലത്തെ സർവീസിനെ യാത്രക്കാർ നെഞ്ചോട് ചേർക്കുകയായിരുന്നു.
ആദ്യം ഒരു സർവീസിന് തുടക്കമിട്ട് യാത്രക്കാർ ഏറിയതോടെ മറ്റൊരു സർവീസ് കൂടി ആരംഭിക്കുകയായിരുന്നു. രണ്ട് വണ്ടികളും ഇന്നും നിറഞ്ഞ യാത്രക്കാരെ കൊണ്ട് സർവീസ് തുടരുകയും ചെയ്യുന്നു. യാത്രക്കാരുടെ പരസ്പര സഹകരണവും സഹായവും സർവീസിനെ ജനകീയമാക്കുകയും ചെയ്തു. ഇതിലെ സ്ഥിരം ഡ്രൈവർക്ക് കോവിഡ് വന്ന് ഗുരുതരാവസ്ഥയിലായപ്പോഴും 50000 രൂപയോളം യാത്രക്കാർ പിരിച്ചെടുത്ത് സഹായിച്ചത് യാത്രക്കാരുടെമനുഷ്യ സ്നേഹത്തിന്റെ മാതൃകയാവുകയും ചെയ്തു. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ഉല്ലാസ സർവീസുകൾക്ക് ഇപ്പോൾ കോർപ്പറേഷൻ തുടക്കമിടുമ്പോൾ ഉല്ലാസ യാത്രകളും ആഘോഷങ്ങളുമായി മുൻപേ നടന്ന് മാതൃകയാവുകയും ചെയ്തു ഈ ബോണ്ട് സർവീസുകൾ.