ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിൽ നിന്നും വാങ്ങുന്ന ഭക്ഷണത്തിന് വിലകൂടും. ഇത്തരം ഭക്ഷണ വിതരണ സേവനങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകളിലെ ഓർഡറുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടി നൽകണം എന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണിത്. ഈ തീരുമാനം ഉപഭോക്താക്കളേയും ചെറുകിട ഭക്ഷണശാലകളേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബറിൽ ചേർന്ന 45-ാമത് ജിഎസ് ടി കൗൺസിൽ യോഗമാണ് സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ ജിഎസ്ടി നൽകണം എന്ന് തീരുമാനിച്ചത്. ഈമാസം ആദ്യമാണ് ജനുവരി ഒന്നുമുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്നുള്ള സർക്കുലർ പുറത്തിറക്കിയത്.
ഇതോടെ എല്ലാ റസ്റ്റോറന്റുകളിൽ നിന്നുള്ള ഓർഡറുകൾക്ക് ഭക്ഷ്യ വിതരണ സേവനങ്ങൾ ജിഎസ്ടി നൽകുകയും ഇടാക്കുകയും ചെയ്‌യേണ്ടിവരും. ഓരോ ഓർഡറിനും പ്രത്യേക ജിഎസ്ടി എൻട്രി സൂക്ഷിക്കേണ്ടിയും വരും.
നിലവിൽ 18 ശതമാനം ജിഎസ്ടിയാണ് പ്ലാറ്റ്ഫോമുകൾ അവരുടെ ഡെലിവറി സേവനങ്ങൾക്കായി നൽകുന്നത്. ഇതിനൊപ്പമാണ് അഞ്ച് ശതമാനം അധികമായി വരുന്നത്. സാധനങ്ങളുടെ വിലയ്ക്കൊപ്പം ഈ നിരക്കും ചേർക്കപ്പെടും.
അതേസമയം റസ്റ്റോറന്റ് ഉടമകൾ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ഓർഡറുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടി നൽകേണ്ടി വരും. ഇത് അവരുടെ വരുമാനത്തെ ബാധിക്കുകയും അതുവഴി ഭക്ഷണ സാധനങ്ങൾക്ക് അധിക തുക ഈടാക്കാൻ നിർബന്ധിതരാവുകയും ചെയ്തേക്കും.