ആഗോളതലത്തിലെ മുൻനിര സെമികണ്ടക്‍ടർ നിർമാണ കമ്പനിയായ ഇന്റൽ ഇന്ത്യയിൽ പുതിയ നിർമാണ പ്ലാന്റിന് തുടക്കമിടാൻ താൽപര്യം പ്രകടിപ്പിച്ചു. ഡിസ്പ്ലേ, സെമികണ്ടക്‍ടർ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി കമ്പനി അപേക്ഷ നൽകിയേക്കും.
കമ്പനി പുതിയതായി വികസിപ്പിച്ച ഇന്റൽ 18എ സാങ്കേതിക വിദ്യയിലുള്ള ടെസ്റ്റ് ചിപ്പുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാവും ഈ പ്ലാന്റ് സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സെമികണ്ടക്‍ടർ രൂപകൽപനയ്‍ക്കും നിർമാണത്തിനും വേണ്ടി ഇൻസന്റീവുകൾ പ്രഖ്യാപിച്ച ഇന്ത്യയ്‍ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇന്റൽ സീനിയർ വൈസ് പ്രസിഡന്റും ഇന്റൽ ഫൗണ്ടറി സർവീസസ് പ്രസിഡന്റുമായ രൺധീർ താക്കൂർ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ച ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്റലിന് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌യുകയും ചെയ്തു.
ഇന്ത്യയിൽ ചിപ്പ് നിർമാണം ഉൾപ്പടെയുള്ള ഹാർഡ് വെയർ ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 76000 കോടിയുടെ ഇൻസന്റീവ് സ്കീം ആണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Intel looking at semiconductor plant in India