അബുദാബി> പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മൂന്ന് പുതിയ ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നഗരിയിൽ 2022 നെ സ്വാഗതം ചെയ്യാനായി 40 മിനുട്ട് ദൈർഘ്യമുള്ള കരിമരുന്ന് പ്രകടനം നടത്തിക്കൊണ്ടാണ് മൂന്ന് ഗിന്നസ് റെക്കോർഡുകൾക്ക് അബുദാബി വേദിയാകുന്നത്. അളവ്, ദൈഘ്യം, രൂപം എന്നിവയിലാണ് വെടിക്കെട്ട് ലോകറെക്കാർഡുകള് തകർക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നടന്നുവരുന്ന അൽ വത്ബയിൽ പൂർത്തിയായി വരികയാണെന്ന് ഫെസ്റ്റിവൽ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങളിൽ 35 മിനുട്ട് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രകടനം നടത്തി രണ്ട് റെക്കോർഡുകൾ അബുദാബി സ്വന്തമാക്കിയിരുന്നു.
ഇത്തവണ ആദ്യമായി ഡ്രോൺ ഷോയിലൂടെ ആകാശത്ത് ‘വെൽക്കം 2022’ എഴുത്തും. ഡ്രോൺ ഉപയോഗപ്പെടുത്തി ആകാശത്തു ഇത്തരമൊരു ഫീച്ചർ ഒരുക്കുന്നത് ആദ്യമായാണ്.
വെടിക്കെട്ടിനോടനുബന്ധിച്ച് യുഎഇ ഗായിക ഈദ അൽ മിന്ഹാലിയുടെയും ഇറാഖി കലാകാരൻ അലി സാബറിന്റെയും സംഗീത കച്ചേരിയും അരങ്ങേറും.
പുതുവത്സരാഘോഷത്തിൽ എല്ലാ പ്രായക്കാർക്കും പങ്കാളികളാകാൻ കഴിയുന്ന വിധം നൃത്ത നൃത്യങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടാകും. യുഎഇയുടെ പൈതൃകവും നാഗരികതയും വിവരിക്കുന്ന എണ്ണമറ്റ പ്രദർശനങ്ങളും പ്രദർശന നഗരിയിൽ സ്ഥാപിതമാണ്.
2022 ഏപ്രിൽ ഒന്ന് വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ നഗരിയിലേക്ക് ആയിരക്കണക്കിന് പേരാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ലോക രാഷ്ട്രങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് നടന്നുവരുന്ന ഉത്സവത്തിൽ നിരവധി വിനോദ വിസ്മയങ്ങൾ മുതിർന്നവർക്കും കുട്ടികൾക്കുമായി ഒരുക്കിയിട്ടുണ്ട്. ക്രേസി കാർ, മിറാക്കിൾ ഗാർഡൻ ഉൾപ്പെടെ ഉത്സവനാഗരിയുടെ മൂന്നിലൊരു ഭാഗം കുട്ടികൾക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. കൂടാതെ എല്ലാ ദിവസവും കരിമരുന്ന് പ്രകടനവും ഉണ്ടാകാറുണ്ട്.