അടൂർ: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന്വിമർശനം. ഒന്നാം പിണറായി സർക്കാരിൽ പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പോ തൃപ്തിയോ ആറ് മാസം പിന്നിടുന്ന രണ്ടാം പിണറായി സർക്കാരിന് ഉണ്ടാക്കാനായിട്ടില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനം സംബന്ധിച്ച വിലയിരുത്തലിലാണ് പ്രതിനിധികൾ ഇത്തരത്തിൽ വിമർശനമുയർത്തിയത്.
പോലീസിന്റെ പല പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന നിലയിലേക്കെത്തിച്ചു. പോലീസ് സേനയിലും സിവിൽ സർവീസിലും ആർഎസ്എസ് കടന്നുകയറ്റമുണ്ടായി. പോലീസിലും ഉദ്യോഗസ്ഥ തലത്തിലും സർക്കാർ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. പാർട്ടിയും ഇക്കാര്യത്തിൽ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അതേ സമയം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമ്മേളനത്തിൽ പ്രശംസയുമുണ്ടായി. റിയാസ് മികച്ച പ്രവർത്തനമാണ് നടത്തിവരുന്നതെന്നാണ് അഭിപ്രായമാണ് ഉയർന്നത്.
ദേവസ്വം ബോർഡിലേക്കുള്ള പാർട്ടി നേതാക്കളുടെ വരവിലും വിമർശനമുണ്ടായി. ശബരിമലയിലെത്തി ചില പാർട്ടി നേതാക്കൾ കുമ്പിടുന്നത് നാട്ടുകാരെ കബളിപ്പിക്കാനാണെന്നും അംഗങ്ങൾ പറയുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായത്.
ചരിത്രം ഏൽപ്പിച്ച ഈ ചുമതല എങ്ങനെ നിർവഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഭാവി. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് റഷ്യയെയോ ചൈനയെയോ മാതൃകയാക്കാനാവില്ല. അവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ബദൽ ശക്തിയാവാനായി പുതുവഴി സ്വയം വെട്ടിത്തെളിക്കണമെന്നും. അടൂരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ അതിസമർഥമായ മികവും പാർട്ടിയുടെ പ്രവർത്തനവുമാണ് തുടർഭരണം സാധ്യമാക്കിയത്. രാജ്യത്ത് അരങ്ങേറിയ കർഷക സമരം വലിയ സന്ദേശമാണ് പകരുന്നത്. നിശ്ചയദാർഢ്യത്തോടെ ചെറുക്കാൻ തയ്യാറായാൽ ജനവിരുദ്ധ നയങ്ങളെ കീഴ്പെടുത്താനാവും. ഇടതു പ്രസ്ഥാനങ്ങൾ കരുത്ത് ആർജിച്ചാൽ മാത്രമേ ജനദ്രോഹ നയങ്ങളെ തിരുത്തിക്കാൻ കഴിയൂ.
പോലീസ് സ്റ്റേറ്റ് ആക്കി രാജ്യത്തെ മാറ്റാനാണ് ശ്രമം നടക്കുന്നത്. ജനങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. സി.ബി.ഐ.യും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമെല്ലാം എതിരാളികൾക്ക് എതിരേയുള്ള രാഷ്ട്രീയ ഉപകരണമായി മാറി. തിരഞ്ഞെടുപ്പ് കമ്മിഷനെയും വരുതിയിലാക്കാൻ ഭരണകൂടം ഇടപെടുന്നു. കോൺഗ്രസ് പാർട്ടി ബി.ജെ.പി.യുടെ ബി ടീമായി മാറി. ഹിന്ദു സർക്കാർ രൂപവത്കരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ സമീപനം അപകടകരമായ സ്ഥിതിയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights :CPM Pathanamthitta District Conference; Criticism onthe Home Department of Second Pinarayi Government