ഓരോ വർഷവും ഐഫോണുകളിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാറുണ്ട് ആപ്പിൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത വരുന്നു. 2022 സെപ്റ്റംബറിൽ സിം കാർഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകൾ പുറത്തിറക്കാനൊരുങ്ങുകയാണത്രെ.
അതേസമയം 2023 ൽ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോൺ 15 പ്രോ (Iphone 15 Pro) മോഡലുകളിൽ സിംകാർഡ് സ്ലോട്ട് ഒഴിവാക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് ബ്രസീലിയൻ വെബ്സൈറ്റ് ഒരു ബ്ലോഗിൽ അവകാശപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പുതിയ വാർത്ത വന്നിരിക്കുന്നത് മാക്ക് റൂമേഴ്സ് (MacRumors)വെബ്സൈറ്റിലാണ്. 2022 സെപ്റ്റംബറിൽ തന്നെ സിംകാർഡുകളില്ലാത്ത ഐഫോണുകൾ പുറത്തിറങ്ങുമെന്നാണ് ഇതിൽ പറയുന്നത്. പകരം ഇ-സിം (eSIM) സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാൻ യുഎസിലെ ടെലികോം സേവനദാതാക്കളോട് കമ്പനി നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഈ വാർത്ത ശരിയാണെങ്കിൽ ഐഫോൺ 14 മോഡലുകളിൽ തന്നെ സിംകാർഡ് സ്ലോട്ടുകൾ ഒഴിവാക്കപ്പെടും. രണ്ട് ഇ-സിമ്മുകൾ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും. സിംകാർഡുകൾ ഒഴിവാക്കപ്പെടുന്നതോടെ വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐഫോണുകളുടെ ശേഷി മെച്ചപ്പെടും.
വരാനിരിക്കുന്ന ഐഫോൺ 14 ഫോണുകളിൽ രണ്ട് ടിബി സ്റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎൽസി ഫ്ളാഷ് സ്റ്റോറേജ് (QLC Flash Storage) സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോൺ 14 ൽ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Technology news, Apple, iPhones without SIM card, Iphone 14 Series, Iphone 15